തൃശൂര്‍: മോഷണക്കേസില്‍ യുവതി അറസ്റ്റില്‍. പ്രശ്‌ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടില്‍ എത്തിയ യുവതിയാണ് 12 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂര്‍ മൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടില്‍ പ്രശ്‌ന പരിഹാരത്തിനായി എത്തിയ പറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം 16ന് ആയിരുന്നു സംഭവം. പൂജാരിയുടെ വീട്ടിലെ ബെഡ്‌റൂമിലെ അലമാരക്കുള്ളില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വില വരുന്നതുമായ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്‌നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടില്‍ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂര്‍വം അലമാരയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ അടിച്ചുമാറ്റിയത്.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കൊടകരയിലെ ഫിനാന്‍സ് കമ്പനിയില്‍ വിറ്റു. കിട്ടിയ പണം കൊണ്ട് പ്രതി പുതിയ സ്വര്‍ണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തില്‍ ആയിരുന്ന സ്വന്തം ആഭരണങ്ങള്‍ തിരിച്ചെടുത്തു. ആര്‍ഭാട ജീവിതം നയിക്കുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്.




























