തിരുവനന്തപുരം. നഗരൂരിൽ വൈദ്യൂതാഘാതമേറ്റ് അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. നഗരൂർ സ്വദേശികളായ ഗോപാലൻ, വേണു പോറ്റി എന്നിവരാണ് പിടിയിലായത്. ഇവർ കൃഷിയിടത്തിൽ അനധികൃതമായ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റായിരുന്നു സമീപവാസികളായ കൊച്ചുണ്ണി, മകൻ അഖിൽ എന്നിവരുടെ ദാരുണാന്ത്യം.
നഗരൂർ കുറിയേടത്ത് മഠത്തിൽ നാരായണൻ പോറ്റിയുടെ ഉടമസ്ഥയിലുള്ള കൃഷിയിടത്തിൽ ഇന്ന് രാവിലെയോടെയാണ് കൊച്ചുണ്ണിയേയും മകൻ 34 കാരൻ അഖിലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ വൈദ്യുതാഘാതമാണ് മരണ കാരണമെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലാകുന്നത്.
സംഭവം നടന്ന കൃഷിയിടത്തിൽ പാട്ടത്തിന് കൃഷി ചെയ്തിരുന്ന ഗോപാലൻ, സ്ഥലം ഉടമയുടെ സഹോദരൻ വേണു പോറ്റി എന്നിവർ ചേർന്ന് കൃഷിയിടത്തിൽ വൈദ്യുത വേലികൾ സ്ഥാപിച്ചിരുന്നു. അതും കെ എസ് ഇ ബി അനുമതി ഇല്ലാതെ അനധികൃതമായി. ഇതറിയാതെ കൃഷിയിടത്തിൽ നിന്നും മരിച്ചീനി പറിക്കുന്നതിനിടെയാണ് ഇരുവർക്കും വൈദ്യുതാഘാതമേറ്റത്. ഇന്ന് രാവിലെ കൃഷിയിടത്തിൽ എത്തിയ ഗോപാലൻ ഇരുവരെയും മരിച്ച നിലയിൽ കണ്ടതോടെ പിടിക്കപ്പെടാതിരിക്കാൻ വൈദ്യുത വേലി പ്രദേശത്ത് നിന്നും നീക്കി. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് വൈദ്യുത വേലി കണ്ടെടുത്തു. കാട്ടു പന്നിയെ തുരത്തുന്നതിനായാണ് വേലി സ്ഥാപിച്ചത് എന്നാണ് ഗോപാലൻ പോലീസിന് മൊഴി നൽകിയത്. പ്രതികൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് വന്ന ശേഷമാകും തുടർന്ന് നടപടികൾ.

































