മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് അനുമതി നല്‍കാതെ എന്‍എസ്എസ്. നാളെയാണ് ചങ്ങനാശേരിയില്‍ ഉപരാഷ്ട്രപതി വരുന്നത്. ഇന്നു രാവിലെയാണ് പുഷ്പാര്‍ച്ചനയ്ക്ക് അനുമതി ചോദിച്ചത്. ഉപരാഷ്ട്രപതിയുടെ വരവ് തന്നോട് അറിയിച്ചത് ഡിവൈഎസ്പി ആണെന്നും ഔദ്യോഗികമായിട്ട് അറിയിപ്പ് ലഭിച്ചില്ല, ഇത് ശരിയായ രീതിയല്ലെന്നുമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രതികരണം.
കൂടിയാലോചനകൾ വേണ്ട കാര്യമാണിത്. കൂടിയാലോചനകൾ നടത്താതെ അനുമതി നൽകാൻ ആകില്ല. പെരുന്നയിലെ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്നത് സംബന്ധിച്ച് നേരത്തേ അറിയിച്ചിരുന്നു. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനുള്ള അനുമതി മാത്രമാണ് തേടിയത്. പക്ഷേ പുഷ്പാർച്ചനയുടെ കാര്യത്തിൽ നേരത്തെ അനുമതി തേടിയിരുന്നില്ല. സമാധിയിൽ പരിശോധന നടത്താനുള്ള അനുമതിയും സമാനമായി നൽകാൻ ആകില്ല എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരൻ നായർ പറഞ്ഞിട്ടുണ്ട്.
ഷെഡ്യൂൾ ചെയ്തത് അനുസരിച്ച് നാളെ ഉച്ചതിരിഞ്ഞ് പെരുന്നയിലെ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്തിയ ശേഷം എസ്പി കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമെന്നായിരുന്നു. എന്നാല്‍ എന്‍എസ്എസിന്‍റെ അനുമതി ലഭിക്കാത്ത സ്ഥിതിക്ക് ആ പരിപാടി ഒഴിവാക്കി നേരെ എസ്പി കോളജിലേക്ക് പോകും.




























