തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകള്‍ പൂര്‍ണമായി. രാവിലെ ശീവേലിയും പന്തീരടി പൂജയും പൂര്‍ത്തിയായതോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കലശം അകത്തേക്ക് എഴുന്നളളിച്ചു. തുടര്‍ന്ന് ദേവഗണങ്ങളുടെ പുണ്യ സാന്നിധ്യം ക്ഷണിച്ച് വലിയപാണി. ഉച്ചപൂജയ്ക്ക് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് ബ്രഹ്മകലശാഭിഷേകം നിര്‍വ്വഹിച്ചു. മേല്‍ശാന്തി ബ്രഹ്മശ്രീ സുധാകരന്‍ നമ്പൂതിരി ബ്രഹ്മകലശവും ഓതിക്കന്‍മാരായ കക്കാട് വാസുദേവന്‍ നമ്പൂതിരി കുംഭേശകലശവും കര്‍ക്കരി കലശം ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരിയും എഴുന്നെള്ളിച്ചു. വിശിഷ്ടമായ ചടങ്ങിന് സാക്ഷിയായി ഭക്തര്‍ ദര്‍ശനപുണ്യം നേടി.




























