തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടെന്ന് പരാതി. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്ന് വൈകിട്ടോടെയാണ് വെള്ളനാട് പഞ്ചായത്ത് ഓഫീസിൽ നാടീകയ സംഭവങ്ങള്‍ അരങ്ങേറിയത്. സി പി എം നേതാവായ പഞ്ചായത്ത് പ്രസിഡൻറ് വെള്ളനാട് ശശിയും രണ്ട് വനിത അംഗങ്ങളും ചേർന്ന് പൂട്ടിയെന്നാണ് സിന്ധുവിന്‍റെ ആരോപണം. സെക്രട്ടറിയുടെ തെറ്റായ നിലപാട് മൂലം പഞ്ചായത്ത് ഭരണ സ്തംഭനത്തിലെന്ന് പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു.
ബാഗിൽ ഉണ്ടായിരുന്ന കേക്ക് മുറിക്കാനായി കൊണ്ടുവന്ന കത്തിയെടുത്ത് സെക്രട്ടറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഇടപെട്ട് സെക്രട്ടറിയിൽ നിന്ന് ഏറെ പണിപ്പെട്ട് കത്തി പിടിച്ചുവാങ്ങി. മു ൻ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന വെള്ളനാട് ശശി കോൺഗ്രസിൽ നിന്ന് രാജിവെച്ചാണ് സി പി എമ്മിൽ ചേർന്നത്.

തുടർന്നുണ്ടായ ജില്ലാ പഞ്ചാത്ത് ഉപതെരഞ്ഞെടുപ്പിൽ സി പി എം ശശിയെ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ച ശശി ജയിച്ചപ്പോൾ സി പി എം അദ്ദേഹത്തെ പ്രസിഡൻ്റുമാക്കി. അധികാരമേറ്റ ദിവസത്തിൽ പഞ്ചായത്ത് വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാകുകയും അത് വാർത്തയാകുകയും ചെയ്തിരുന്നു. തർക്കങ്ങൾ നിലനില്ക്കുന്നതിനിടെയാണ് ഇന്ന് വീണ്ടും പ്രശ്നങ്ങൾ ഉണ്ടായത്. പോലീസെത്തി ഇരുവരുമായി സംസാരിച്ചെങ്കിലും സമവായം ഉണ്ടായില്ല. പോലീസുകാരോടും പഞ്ചായത്ത് പ്രസിഡൻ്റ് തട്ടിക്കയറി എന്നാണ് വിവരം.




























