24.7 C
Kollam
Thursday 12th February, 2026 | 12:17:10 AM
Home News Breaking News എയിംസ് വരും ,കാര്യങ്ങള്‍ വിശദീകരിച്ച് സുരേഷ് ഗോപി

എയിംസ് വരും ,കാര്യങ്ങള്‍ വിശദീകരിച്ച് സുരേഷ് ഗോപി

Advertisement

കൊല്ലം/കോട്ടയം: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടെന്നും ഇതനുസരിച്ച് സംസ്ഥാനം നാല് സ്ഥലങ്ങളെങ്കിലും നിർദേശിക്കണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. എയിംസ് വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ബിജെപി ദേശീയ വക്താവ് ടോം വടക്കനും വ്യക്തമാക്കി. എയിംസ് വിഷയത്തിനൊപ്പം സംസ്ഥാനത്തിൻ്റെ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെക്കുറിച്ചും ഇരുവരും വിശദീകരിച്ചു.

എയിംസ്: മാനദണ്ഡങ്ങളും സാധ്യതകളും

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിലവിൽ തന്നെ ചികിത്സാ സൗകര്യങ്ങൾ ആവശ്യത്തിലധികം സജ്ജമാണെന്നും അതിനാൽ സംസ്ഥാനത്തിൻ്റെ സമഗ്ര വികസനം മുൻനിർത്തി സൗകര്യങ്ങൾ കുറവുള്ള മറ്റു പ്രദേശങ്ങൾ കണ്ടെത്തി അവിടെ എയിംസ് സ്ഥാപിക്കണമെന്നുമാണ് കേന്ദ്രത്തിൻ്റെ കാഴ്ചപ്പാടെന്ന് സുരേഷ് ഗോപി പറഞ്ഞു. എയിംസ് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ജമ്മു കശ്മീരിൽ ഗവൺമെൻ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി ലഫ്റ്റനൻ്റ് ഗവർണർ ഉണ്ടായിരുന്നതിനാൽ രാഷ്ട്രീയ തടസമില്ലാതെ മൂന്നോ നാലോ സ്ഥലങ്ങൾ നിർദേശിക്കപ്പെടുകയും അതിൽ ഒരിടത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത മാതൃക അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ലഭ്യമാണെന്ന് കേന്ദ്രത്തെ അറിയിച്ചാൽ എയിംസുമായി മുന്നോട്ട് പോകാൻ പ്രയാസമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ആലപ്പുഴയിൽ എയിംസ് വരണമെന്നത് തൻ്റെ വ്യക്തിപരമായ നിലപാടാണെന്നും 2015 മുതൽ ഇക്കാര്യം താൻ ഉന്നയിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആലപ്പുഴയിലെ ചികിത്സാ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കേരളത്തിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന തൃശൂരും വികസന സാധ്യതകളുള്ള ഇടമാണ്. തൃശൂരിൽ ആവശ്യമായ സ്ഥലം കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഭാരതത്തിൻ്റെ പ്രധാനമന്ത്രിയോ ആരോഗ്യമന്ത്രിയോ ആയല്ല, മറിച്ച് ജനങ്ങൾ തെരഞ്ഞെടുത്തയച്ച ഒരു ജനപ്രതിനിധി എന്ന നിലയിലാണ് ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നും കേരളത്തിൽ എയിംസ് വരുമെന്നും കേന്ദ്ര സഹമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊച്ചിയിൽ വികസനം അസാധ്യമാംവിധം ജനസാന്ദ്രത കൂടിയ അവസ്ഥയിലാണെന്നും വിഴിഞ്ഞം പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തും സമാന സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം നിരീക്ഷിച്ചു.

റെയിൽവേ വികസനവും ഭാവി പദ്ധതികളും

കേരളത്തിൽ എയിംസ് വരുമെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും 2026ൽ തന്നെ വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. 2027ലോ 2028ലോ പദ്ധതി യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ – ആലപ്പുഴ റെയിൽവേ ലൈൻ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിലവിലുള്ള റെയിൽവേ ലൈനുകളിലെ തിരക്ക് കുറയ്ക്കാൻ ആലപ്പുഴ ലൈൻ സഹായിക്കും. മരവിപ്പിച്ചിരുന്ന (ഫ്രീസ്) പൊന്നാനി ലൈൻ ഡിപിആർ മോദി സർക്കാർ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും (ഡി ഫ്രീസ്) ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിൻ്റെ മൊത്തത്തിലുള്ള വികസനത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും തൃശൂരിനെ വിസ്മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക, മൃഗസംരക്ഷണ മേഖലകൾക്ക് ഊന്നൽ

എയിംസ് വിഷയം കൂടാതെ കേന്ദ്ര ബജറ്റിലെ കാർഷിക, വ്യോമയാന, ആയുഷ്, ബാങ്കിങ് മേഖലകളിലെ സുപ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ചും കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വിശദീകരിച്ചു. വികസന കാര്യങ്ങളിൽ കേരളം നേരിടുന്ന വെല്ലുവിളികളും ബജറ്റിലെ ദീർഘവീക്ഷണവും അദ്ദേഹം ചൂണ്ടിക്കാട്ടി. 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ദീർഘവീക്ഷണമാണ് കേന്ദ്ര ബജറ്റിൻ്റെ അടിസ്ഥാനമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം പാദത്തിലെ ആദ്യ ബജറ്റാണിത്. രാജ്യത്തെ പൗരന്മാർക്കും അവകാശികൾക്കും ആവശ്യമായ പുതിയ ജീവിതരൂപരേഖ അഥവാ ലൈഫ് ഡിസൈൻ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എംഎസ്എംഇ, സെമികണ്ടക്ടർ, ബയോ ഫാർമ, ആയുഷ്, എയിംസ് തുടങ്ങിയ മേഖലകളിലെ പുരോഗതിയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടുള്ള പുതിയ യാത്രാപഥമാണ് ബജറ്റിലൂടെ തുറന്നുനൽകിയിരിക്കുന്നത്.

കർഷകർക്കായി ഭാരത് വിസ്താര (വിർച്വലി ഇൻ്റഗ്രേറ്റഡ് സിസ്റ്റം ടു ആക്സസ് അഗ്രികൾച്ചറൽ റിസോഴ്സസ്) എന്ന പേരിൽ ബഹുഭാഷ എഐ ഉപകരണം പുറത്തിറക്കും. അഗ്രിസ്റ്റാക്ക് പോർട്ടലുകളെയും കാർഷിക രീതികളെക്കുറിച്ചുള്ള ഐസിഎആർ പാക്കേജുകളെയും എഐ സംവിധാനങ്ങളുമായി ഇത് സംയോജിപ്പിക്കും. കർഷകർക്ക് ഇഷ്ടാനുസൃതമായ ഉപദേശങ്ങൾ നൽകുന്നതിലൂടെ കൃഷിയിടത്തിലെ ഉത്പാദനക്ഷമത വർധിപ്പിക്കാനും മികച്ച തീരുമാനങ്ങൾ എടുക്കാനും കൃഷിയിലെ അപകടസാധ്യതകൾ മുൻകൂട്ടി അറിയിക്കാനും ഇത് സഹായിക്കും. മൃഗസംരക്ഷണ മേഖലയുടെ നവീകരണത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. പാവപ്പെട്ടവരും നാമമാത്ര വരുമാനമുള്ളവരുമായ കുടുംബങ്ങളുടെ കാർഷിക വരുമാനത്തിൻ്റെ ഏകദേശം 16 ശതമാനവും ലഭിക്കുന്നത് ഈ മേഖലയിൽ നിന്നാണ്.

വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്സിഡി പദ്ധതി നടപ്പിലാക്കും. വെറ്ററിനറി പ്രൊഫഷണലുകളുടെ എണ്ണം ഇരുപതിനായിരത്തിലധികം വർധിപ്പിക്കാൻ ഇത് സഹായിക്കും. ഗ്രാമപ്രദേശങ്ങളിലും നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലും ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സംരംഭകത്വ വികസനത്തിന് ഈ മേഖലയിൽ പിന്തുണ നൽകും. കന്നുകാലി വളർത്തൽ സംരംഭങ്ങളുടെ വ്യാപനത്തിനും ആധുനികവൽക്കരണത്തിനുമായി വായ്പയുമായി ബന്ധിപ്പിച്ച സബ്സിഡി പദ്ധതികൾ നടപ്പിലാക്കും. മൃഗസമ്പത്ത്, ക്ഷീരവികസനം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ഏകീകൃത മൂല്യ ശൃംഖലകളുടെ നിർമാണം മെച്ചപ്പെടുത്തുകയും ലൈവ്സ്റ്റോക്ക് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വ്യോമയാനം, ആയുഷ്, ബാങ്കിങ്

വ്യോമയാന മേഖലയെ സഹായിക്കുന്നതിനായി കസ്റ്റംസ് ഡ്യൂട്ടിയിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സിവിലിയൻ വിമാനങ്ങൾ, പരിശീലന വിമാനങ്ങൾ, മറ്റ് വിമാനങ്ങൾ എന്നിവയുടെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങൾക്കും ഭാഗങ്ങൾക്കും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും. കൂടാതെ പ്രതിരോധ മേഖലയിലെ യൂണിറ്റുകൾക്ക് അറ്റകുറ്റപ്പണികൾക്കോ (എംആർഒ), വിമാന ഭാഗങ്ങളുടെ നിർമാണത്തിനോ ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുമ്പോഴുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടുണ്ട്.

വികസിത ഭാരതമെന്ന ലക്ഷ്യത്തിനായി ആയുഷ് മേഖലയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കും. ഉന്നത നിലവാരത്തിലുള്ള സർട്ടിഫിക്കേഷനും വിദഗ്ധരായ ജീവനക്കാരുടെ സേവനവും ഉറപ്പാക്കിക്കൊണ്ട് ആയുഷ് ഫാർമസികൾ നവീകരിക്കും. പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയിൽ ഗവേഷണവും പരിശീലനവും വർധിപ്പിക്കുന്നതിനായി ജാംനഗറിലെ ഡബ്ല്യുഎച്ച്ഒ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെൻ്റർ ആധുനികവൽക്കരിക്കും. ബാങ്കിങ് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ ഹൈ ലെവൽ കമ്മിറ്റി ഓൺ ബാങ്കിങ് ഫോർ വികസിത് ഭാരത് രൂപീകരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.

വിവാദ പരാമർശത്തിൽ വിശദീകരണം

‘മറ്റേ മോൻ’ എന്ന തൻ്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തി. താൻ ‘മറ്റേ മകൻ’ എന്നാണ് ഉദ്ദേശിച്ചതെന്നും വിമർശനം ഉന്നയിച്ച ആളുടെ പേര് പറയാൻ തയാറാകാതിരുന്നപ്പോൾ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് മറ്റ് അർഥങ്ങളില്ലെന്നും അമ്മയാണേ സത്യമെന്നും താൻ അങ്ങനെ ഒരു മോശം അർഥത്തിൽ അത് പറഞ്ഞതല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ സത്യം മാത്രമേ ഉള്ളൂവെന്നും തൻ്റെ നെഞ്ചിൽ കൈവച്ചാണ് ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ വ്യാഖ്യാനിച്ച അർഥത്തിലല്ല താൻ ആ പ്രയോഗം നടത്തിയത്.

സത്യം പറഞ്ഞാൽ ആ സമയത്ത് അദ്ദേഹത്തിൻ്റെ പേര് എടുത്തുപറയാൻ തനിക്ക് തോന്നിയില്ല. അതുകൊണ്ടാണ് ‘മറ്റേ കാര്യം പറഞ്ഞ ആ മോനില്ലേ’ എന്ന അർഥത്തിൽ താൻ സംസാരിച്ചത്. തൻ്റെ അമ്മയാണേ സത്യം, അത്രമാത്രമേ താൻ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അദ്ദേഹം ആവർത്തിച്ചു. നിങ്ങളെല്ലാം കൂടി വ്യാഖ്യാനിച്ച് അത് വേറൊരു രീതിയിൽ ആക്കിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് അങ്ങനെ ഒരു വിവാദം ഉണ്ടാക്കണമെന്നും മാധ്യമങ്ങൾക്ക് വിചാരമുണ്ടെങ്കിൽ അതിൽ തനിക്ക് പരിതപിക്കാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങളെ താൻ പുച്ഛത്തോടെ തള്ളുന്നു എന്നൊന്നും പറയുന്നില്ലെന്നും അത് മാധ്യമങ്ങളുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എയിംസ് ഉറപ്പെന്ന് ടോം വടക്കൻ

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) പദ്ധതി സംസ്ഥാനത്തിന് ഉറപ്പായും ലഭിക്കുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ പറഞ്ഞു. പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കാലതാമസം കൂടാതെ ഉണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള നിർദേശങ്ങളാണ് നിലവിൽ പരിഗണനയിലുള്ളത്.

സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ചില സാങ്കേതിക വിഷയങ്ങളിൽ അന്തിമ തീരുമാനം ആകാത്തതാണ് പ്രഖ്യാപനം വൈകാൻ കാരണം. എങ്കിലും കൃത്യസമയത്ത് തന്നെ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനുകൂല തീരുമാനം കേന്ദ്രസർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്നും ടോം വടക്കൻ വ്യക്തമാക്കി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here