തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. എത്ര വലിയ സാമ്പത്തിക ക്രമക്കേടാണെങ്കിലും അത് പുറത്തുവരണമെന്നും അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതിയായ കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തിൽ നിലവിൽ തീരുമാനമെടുക്കുന്നതിന് പ്രസക്തിയില്ലെന്നും ജയകുമാർ വ്യക്തമാക്കി. രാജീവരുടെ ഊഴം വരട്ടെ, ഊഴം വരുമ്പോൾ ധർമ്മനിഷ്ഠമായ തീരുമാനമുണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വിവരിച്ചു. ഒക്ടോബർ വരെ കണ്ഠരര് മഹേഷ് മോഹനർക്കാണ് തന്ത്രിയുടെ ചുമതലയുള്ളതെന്നും അത് കഴിയുന്ന മുറക്ക് തീരുമാനമെടുക്കുമെന്നും ജയകുമാർ കൂട്ടിച്ചേർത്തു.
ജയകുമാർ ഇന്നലെ പറഞ്ഞത്
ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിൽ തീരുമാനം പിന്നീട് എടുക്കേണ്ടിവരുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്നലെ പറഞ്ഞത്. നിലവിൽ തീരുമാനം എടുത്തിട്ടില്ല, തീരുമാനം എടുക്കുന്നതിൽ മനസ്ഥാപമില്ലെന്നും ജയകുമാർ വ്യക്തമാക്കിയിരുന്നു. അടുത്ത് മകര വിളക്ക് സീസണിൽ ശബരിമലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നും ജയകുമാർ പറഞ്ഞു. സ്വയം സ്പോൺസർമാർ ഇനിവേണ്ടെയെന്നും ബോർഡ് തീരുമാനിച്ചു. ശബരിമലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിഷൻ ശബരിമല അവതരിപ്പിച്ച ശേഷമായിരുന്നു ദേവസ്വം പ്രസിഡൻറിൻറെ പ്രതികരണം.
ശബരിമലയിൽ സമഗ്ര മാറ്റം മുന്നോട്ടുവെക്കുന്നതാണ് വിഷൻ ശബരിമല. ശബരിമലക്കായി പ്രത്യേക ബജറ്റ് ഉണ്ടാകും. പമ്പയിൽ പിൽഗ്രിം സെൻറർ ആരംഭിക്കും. ശബരിമലയിലെ തന്ത്രിമാർ ഒരോ സീസണിലും മാറി മാറി വരുന്നതിൽ തീരുമാനമെടുക്കേണ്ടിവരുമെന്നും കെ ജയകുമാർ പറഞ്ഞു. സന്നിധാനത്ത് ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കും. കാണാതായവരെ കുറിച്ചുള്ള അനൗൺസ്മെൻറ് 30 മണിക്കൂർ ഇടവിട്ടായിരിക്കും ഉണ്ടാകുക. എല്ലാ ഭാഷയിലും അറിയിപ്പ് നൽകും. 483 കോടിയാണ് ഈ സീസണിലെ വരുമാനമെന്നും ദേവസ്വം പ്രസിഡൻറ് വ്യക്തമാക്കി. ഈ സീസണിലെ ചെലവ് തിട്ടപ്പെടുത്തിയിട്ടില്ല. മകരവിളക്ക് കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ ഓഡിറ്റ് നടത്താനും തീരുമാനിച്ചു. സ്വയംഭൂ സ്പോൺസർമാരിൽ നിന്ന് സംഭാവന സ്വീകരിക്കില്ല. ആവശ്യമെങ്കിൽ ബോർഡ് സ്പോൺസറെ കണ്ടെത്തും. പൂർണമായും ഇടപാടുകൾ ഡിജിറ്റലാകും. ഉദ്യോഗസ്ഥർക്ക് ഇതിനായി പരിശീലനം നൽകും. താൽക്കാലിക ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. ശബരിമലയിൽ വിലക്ക് ലംഘിച്ച് സിനിമ ഷൂട്ടിങ് നടന്നതിൽ ആവശ്യമായ പരിശോധന നടത്തും. എന്ത് കാര്യത്തിനാണ് ഷൂട്ടിങ് നടത്തിയതെന്നും പരിശോധിക്കും. ഷൂട്ടിങിന് അനുമതി നൽകിയിട്ടില്ലെന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ പരിശോധിക്കുമെന്നും കെ ജയകുമാർ പറഞ്ഞു.

































