Home News Kerala 10 വര്‍ഷം ഒളിവിൽ; കർഷകരുടെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി പണം തട്ടിയ മുൻ അഗ്രികൾച്ചറൽ...

10 വര്‍ഷം ഒളിവിൽ; കർഷകരുടെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി പണം തട്ടിയ മുൻ അഗ്രികൾച്ചറൽ ഓഫീസർ പിടിയിൽ

Advertisement

പാലക്കാട്: അഴിമതിക്കേസിലെ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറെ വിജിലന്‍സ് ബംഗളൂരുവില്‍ നിന്നും പിടികൂടി. അഗളി മുന്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വെങ്കിടേശ്വര ബാബുവിനെയാണ് പാലക്കാട് വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്.

2006 കാലഘട്ടത്തില്‍ പാലക്കാട് അഗളി കൃഷി ഭവനില്‍ കൃഷി ഓഫീസറായിരുന്ന വെങ്കിടേശ്വര ബാബു കര്‍ഷകര്‍ക്ക് പ്രകൃതി ദുരന്തം കാരണം ഉണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരമായി അനുവദിക്കേണ്ട തുക കര്‍ഷകരുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്തിരുന്നു. സംഭവത്തില്‍ ബാബുവിനെ പ്രതിയാക്കി വിജിലന്‍സ് പാലക്കാട് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ വെങ്കിടേശ്വര ബാബു കുറ്റകാരനെന്ന് കണ്ടെത്തി 2016ല്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിവിധ വകുപ്പുകളിലായി മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതി അപ്പീല്‍ നിരസിച്ച് ശിക്ഷ അനുഭവിക്കുന്നതിനായി വിജിലന്‍സ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു വെങ്കിടേശ്വര ബാബുവിനെ ബംഗളൂരുവില്‍ നിന്നുമാണ് പാലക്കാട് വിജിലന്‍സ് യൂണിറ്റ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Advertisement