Home News Kerala സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ അസമിനെ തകര്‍ത്ത് കേരളം സെമിയില്‍

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ അസമിനെ തകര്‍ത്ത് കേരളം സെമിയില്‍

Advertisement

അസം: സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ അസമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് കേരളം സെമിയില്‍. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നാട്ടുകാരുടെ ആരവങ്ങള്‍ക്കു മധ്യേ കളിക്കാനിറങ്ങിയ അസമിന്റെ വലയില്‍ ഇരുപകുതികളിലുമായി കേരളം ഗോളുകള്‍ അടിച്ചു കയറ്റിയാണ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ പൂര്‍ണാധിപത്യവും കേരളം പുലര്‍ത്തി. വ്യാഴാഴ്ച്ച നടക്കുന്ന സെമി ഫൈനലില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികള്‍.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് ക്യാപ്റ്റന്‍ എം. മനോജാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ (45′) മുഹമ്മദ് അജ്‌സലിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോള്‍.

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോള്‍കീപ്പര്‍ ഹജ്മലും ഉറച്ചുനിന്നു. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ (92′) സജീഷിന്റെ പാസില്‍ നിന്നും അബൂബക്കര്‍ ദില്‍ഷാദ് കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി പട്ടിക തികച്ചു.

തമിഴ്‌നാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (41) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പഞ്ചാബുമായുള്ള സെമി പോരാട്ടം നിര്‍ണായകമാകും. മറ്റൊരു ക്വാര്‍ട്ടറില്‍ രാജസ്ഥാനെ തോല്‍പ്പിച്ച റെയില്‍വേസും സെമിയില്‍ കടന്നിട്ടുണ്ട്.

Advertisement