സംസ്ഥാനത്ത് എൽപി സ്കൂളുകളിലേക്കു പി.എസ്.സി വഴിയുള്ള അധ്യാപക നിയമനം സ്തംഭനത്തിൽ. ലിസ്റ്റ് വന്ന് ഒരു വർഷം അടുക്കാറായിട്ടും പല ജില്ലകളിലും ഒരാൾക്ക് പോലും നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നും അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.
രണ്ടുവർഷം മുൻപ് സംസ്ഥാനത്തെ എൽപി സ്കൂൾ അധ്യാപക നിയമനം പി.എസ്.സി വഴി ലഭിക്കാതെ വന്നതോടെ നിരവധി ഉദ്യോഗാർത്ഥികൾ ഭരണസിരാകേന്ദ്രത്തിനു മുമ്പിൽ ദിവസങ്ങളോളം സമരം ചെയ്തിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക അധ്യാപക നിയമനം വേഗമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു അക്കാലത്തെ സമരവും പ്രതിഷേധവും. എന്നാൽ ഒരു വർഷത്തിനിപ്പുറം വീണ്ടും സമാനമായ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് എൽ പി സ്കൂൾ അധ്യാപക നിയമനത്തിന് വേണ്ടി പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ. 2025 മെയ് 31ന് റാങ്ക് ലിസ്റ്റ് വന്നു. ഇതിൽ ആറായിരത്തിലധികം ഉദ്യോഗാർഥികൾ ഉണ്ട്. ഇതിൽ സംസ്ഥാനത്താകെ നിയമന ഉത്തരവ് ലഭിച്ചത് 109 പേർക്ക് മാത്രം. എട്ട് ജില്ലകളിൽ ഒന്നാം റാങ്കിൽ എത്തിയ ഉദ്യോഗാർഥികൾക്ക് പോലും അഡ്വവൈസ് മെമ്മോ ലഭിച്ചില്ല. ഇതിനൊപ്പം പഴയ ലിസ്റ്റിൽ ഉൾപ്പെട്ട പലരും നിയമനം കാത്തിരിക്കുകയാണ്.
പഴയ ലിസ്റ്റിൽ നിന്ന് പോലും നിയമനം പൂർത്തിയാകാത്ത സാഹചര്യത്തിൽ പുതിയ ലിസ്റ്റ് പരിഗണിക്കുമോ എന്ന് ആശങ്കയും ഉദ്യോഗാർത്ഥികൾ കൊണ്ട്. ഇക്കാര്യം ബന്ധപ്പെട്ട മന്ത്രിയെയും ഉദ്യോഗസ്ഥരെയും പല മാർഗങ്ങളിലൂടെയും ഉദ്യോഗാർത്ഥികൾ അറിയിച്ചു. അനുകൂല ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആയിരത്തോളം ഉദ്യോഗാർത്ഥികൾ.
നിലവിൽ ദിവസ വേതനക്കാരെ നിയമിച്ചു കൊണ്ടാണ് സർക്കാർ സ്കൂളുകളിലെ പ്രവർത്തനം. ഇതോടൊപ്പം അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇതിനൊപ്പം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞവരുമാണ്. വീണ്ടും അപേക്ഷ നൽകാൻ അവസരം ഇല്ലാത്തതുകൊണ്ട് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്.




























