തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറിന് വൈകിട്ട് അഞ്ചു വരെ നീട്ടി. പ്രവേശനത്തിനായി ഇതിനകം സമര്‍പ്പിച്ച അപേക്ഷയില്‍ പുതിയ കോഴ്‌സുകള്‍ കൂടി ചേര്‍ക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കും. വിശദവിവരങ്ങള്‍ക്കും: www.cee.kerala.gov.in, 0471-2332120.
പ്രവേശന പരീക്ഷ (KEAM 2026) ഏപ്രില്‍ 17 മുതല്‍ 23 വരെയാണ്. അപേക്ഷ നല്‍കുന്നത് ശ്രദ്ധയോടെയാകണം.
ഓണ്‍ലൈന്‍ പരീക്ഷ
കംപ്യൂട്ടര്‍ അധിഷ്ഠിതമായ ഓണ്‍ലൈന്‍ പരീക്ഷ (സിബിടി) ഏപ്രില്‍ 17 മുതല്‍ 23 വരെ നടക്കും. പകല്‍ രണ്ടുമുതല്‍ അഞ്ചുവരെയാണ് സമയം. ഏപ്രില്‍ 13, 16, 24, 25 എന്നിവ റിസര്‍വ് ദിവസങ്ങളാണ്. ഏപ്രില്‍ ഒന്നുമുതല്‍ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
150 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂര്‍ പരീക്ഷ. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. മാത്തമാറ്റിക്‌സില്‍ 75, ഫിസിക്‌സില്‍ 45, കെമിസ്ട്രിയില്‍ 30 വീതം ചോദ്യങ്ങള്‍. ശരിയുത്തരത്തിന് നാലുമാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. ഫാര്‍മസി പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി പേപ്പറുകളില്‍ യഥാക്രമം 30, 45 ചോദ്യങ്ങളുണ്ടാകും. 90 മിനിറ്റ് പരീക്ഷയാണ്.
ഓരോ സെഷനിലും വ്യത്യസ്ത ചോദ്യപേപ്പര്‍ ഉപയോഗിക്കുന്നതിനാല്‍ നോര്‍മലൈസേഷന്‍ രീതി നടപ്പാക്കിയായിരിക്കും സ്‌കോര്‍ കണക്കാക്കുക. പ്ലസ് ടുവില്‍ (രണ്ടാം വര്‍ഷം) ഫിസിക്‌സ്, കെമിസ്ട്രി മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കിനും പ്രവേശന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കിയാണ് എന്‍ജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുക.
പ്രവേശന യോഗ്യത
അപേക്ഷകന് 2026 ഡിസംബര്‍ 31 ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളുടെ പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ മൊത്തം 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം എന്നതാണ് പൊതുവായ യോഗ്യത. വിവിധ കോഴ്‌സുകള്‍ക്കനുസരിച്ചുള്ള അധിക യോഗ്യതകള്‍ പ്രോസ്‌പെക്ടസില്‍ വിശദമാക്കിയിട്ടുണ്ട്.
എന്‍ജിനിയറിങ് പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാര്‍ക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിക്കണം. പ്ലസ്ടുവില്‍ കെമിസ്ട്രി പഠിച്ചില്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സും ഇവ രണ്ടും പഠിച്ചില്ലെങ്കില്‍ ബയോടെക്‌നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കില്‍ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും.
ബിഫാം പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് / ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയിച്ചിരിക്കണം. ബിആര്‍ക്ക് പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവിന് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. മാത്തമാറ്റിക്‌സ് ഉള്‍പ്പെട്ട മൂന്ന് വര്‍ഷ ഡിപ്ലോമയില്‍ മൊത്തം 50 ശതമാനം മാര്‍ക്ക് നേടിയാലും മതി. നിലവില്‍ പ്ലസ്ടുവിന് പ-ഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ?
എല്ലാ ജില്ലകളിലും സെന്റര്‍
പ്രവേശന പരീക്ഷാകമീഷണറുടെ വെബ്സൈറ്റു വഴി ജനുവരി 31 വൈകിട്ട് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പുതിയ ഫോട്ടോ, ഒപ്പ്, സംവരണത്തിനുവേണ്ട രേഖകള്‍ എന്നിവ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കണം.
വിവിധ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യാന്‍ ഫെബ്രുവരി ഏഴുവരെ സമയമുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒറ്റ അപേക്ഷ മതി. അപേക്ഷയുടെയോ രേഖകളുടെയോ പകര്‍പ്പ് അയക്കേണ്ടതില്ല. ഏപ്രില്‍ ഒന്ന് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷ എഴുതാം . മുംബൈ, ബംഗളൂരു, ചെന്നൈ, ന്യൂഡല്‍ഹി, യുഎഇ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. മെയ് പത്തിന് ഫലം പ്രതീക്ഷിക്കാം.
അപേക്ഷാ ഫീസ്
എന്‍ജിനിയറിങ്/ ഫാര്‍മസിക്ക് 925 രൂപ, ആര്‍ക്കിടെക്ചര്‍ /മെഡിക്കല്‍ ആന്‍ഡ് അലൈഡിന് 650 രൂപ എന്നിങ്ങനെ അപേക്ഷാ ഫീസ് അടയ്ക്കണം. പട്ടികജാതി വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇളവുണ്ട്. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഫീസില്ല. യുഎഇയില്‍ പരീക്ഷയെഴുതണമെങ്കില്‍ 16,000 രൂപ അധികമായി അടക്കേണ്ടി വരും. വിവരങ്ങള്‍ക്ക്: www.cee. kerala.gov.in, ഇമെയില്‍: ceekinfo. cee@kerala.gov.in ഫോണ്‍: 0471-2332120.




























