കണ്ണൂര്‍. ധൻരാജ് രക്തസാക്ഷി ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകൾ പരസ്യപ്പെടുത്താൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനം . ഫണ്ട് വിനിയോഗത്തിൽ പാർട്ടി അണികൾക്കിടയിൽ തന്നെ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. കണക്കുകൾ ജനസമക്ഷം വ്യക്തമാക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് നിർദേശിച്ചിരുന്നു.
കണക്കുകൾ പാർട്ടി ഘടകങ്ങളിൽ മാത്രമേ അവതരിപ്പിക്കൂ എന്നായിരുന്നു ജില്ലാ സെക്രട്ടറി നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ, രക്തസാക്ഷി ഫണ്ട് പോലുള്ള വൈകാരിക വിഷയങ്ങളിൽ സുതാര്യത ഉറപ്പുവരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഈ കീഴ്വഴക്കം ലംഘിക്കാൻ പാർട്ടി തീരുമാനിച്ചത്. പയ്യന്നൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിൽ വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
ആരോപണം നേരിടുന്ന ടിഐ മധുസൂദനൻ ഉൾപ്പെടെയുള്ള നേതാക്കളെ നേതൃത്വം സംരക്ഷിക്കുകയാണെന്ന ആക്ഷേപം ഒരു വിഭാഗം പ്രവർത്തകർക്കുണ്ട്.
നേതൃത്വത്തെ അണികൾ തിരുത്തട്ടെ എന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകം വാങ്ങുമെന്ന് ചില പാർട്ടി അംഗങ്ങൾ പരസ്യമായി പ്രഖ്യാപിച്ചതും നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി. ഇതോടെയാണ് മാധ്യമങ്ങളിലൂടെ കണക്കുകൾ വ്യക്തമാക്കാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചത്.
ഫെബ്രുവരി ആറിന് കെകെ രാഗേഷ് വാർത്താ സമ്മേളനം നടത്തി കണക്കുകൾ വിശദീകരിക്കും.
അതേസമയം എംവി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫിന്റെ വടക്കൻ മേഖല വികസന മുന്നേറ്റ യാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. പയ്യന്നൂരിലാണ് ആദ്യ സ്വീകരണം. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളിൽ പയ്യന്നൂരിലെ പൊതുവേദിയിൽ സംസ്ഥാന സെക്രട്ടറി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്..


































