കണ്ണൂര്‍.ടിഐ മധുസൂദനൻ ഏരിയ സെക്രട്ടറിയായി വന്നതിനുശേഷം ആണ് പയ്യന്നൂരിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സിപിഐഎം മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ വിമർശനം. ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറി.രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്റെ വിശദമായ കണക്കുകളുമാണ് നേതൃത്വത്തെ അണികൾ തിരുത്തണമെന്ന പുസ്തകത്തിൽ പ്രധാനമായും ഉള്ളത്
അടുത്ത ബുധനാഴ്ച പയ്യന്നൂരിൽ പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകത്തിലെ ഉള്ളടക്കം ഇപ്പോൾ തന്നെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്
രക്തസാക്ഷി ഫണ്ട് തട്ടിപ്പടക്കമുള്ള സാമ്പത്തിക ക്രമക്കേടുകളുടെ വിശദമായ കണക്കുകൾ പുസ്തകത്തിലുണ്ട്. തെറ്റ് ചെയ്യുന്ന നേതാക്കളെ സംരക്ഷിക്കാൻ പാർട്ടി ഭരണഘടനയെയും സംഘടനാ തത്വങ്ങളെയും നേതൃത്വം നിർലജ്ജം ദുരുപയോഗം ചെയ്യുകയാണെന്ന് കുഞ്ഞികൃഷ്ണൻ തുറന്നടിക്കുന്നു. പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണെന്നും പുസ്തകത്തിലുണ്ട്. സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതാക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു. ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടിയായി സിപിഎം മാറി. നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാൽ ഒരു പ്രബന്ധം തന്നെ തയ്യാറാക്കാനുണ്ടെന്ന് പുസ്തകത്തിൽ പറയുന്നു. 16 അധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തിൽ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനെ നിശിതമായാണ് വിമർശിക്കുന്നത്. എതിർക്കുന്നവരോട് മരണംവരെ പകവച്ചുപുലർത്തുന്ന ആളാണ് എംഎൽഎയെന്നും ബൂർഷ്വാ രാഷ്ട്രീയ നേതാവിനെ ശൈലിയാണെന്നതടക്കം വിമർശനങ്ങൾ നീളുന്നു.
പയ്യന്നൂരിലെ പാർട്ടി നന്നാവണമെങ്കിൽ ടി ഐ മധുസൂദനൻ ആദ്യം നന്നാവണം. ആശ്രിതരെ സൃഷ്ടിക്കുന്ന ബൂർഷ്വാ രാഷ്ട്രീയ ശൈലിയാണ് മധുസൂദനന്. ഞാനാണ് പാർട്ടി ഞാൻ പറയുന്നതെ നടപ്പാവൂ എന്നാണ് രീതി. അപമാനിക്കപ്പെട്ടിട്ടും ഒന്നിച്ചുപോകാൻ ശ്രമിച്ചിട്ടും പയ്യന്നൂരിലെ വിഭാഗീയതയുടെ അടിസ്ഥാന കാരണം മനസ്സിലാക്കാൻ പാർട്ടി ജില്ലാ നേതൃത്വം തയ്യാറായില്ല. പാർട്ടിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പാർട്ടി സഖാക്കൾക്കാണ് എന്ന് നേതൃത്വം ഇടയ്ക്കിടെ ഓർമിപ്പിക്കാറുണ്ട്. അത് ആത്മാർത്ഥമാണെന്ന് കരുതിയാണ് തെറ്റുകൾ ചൂണ്ടിക്കാട്ടിയത്. നേതാക്കൾ തെറ്റ് ചെയ്താൽ മിണ്ടരുതെന്ന് അനുഭവങ്ങൾ പഠിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ പറയുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടങ്കിലും പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കുഞ്ഞികൃഷ്ണൻ എതിരായ നടപടിയിൽ വിയോജിച്ച് കഴിഞ്ഞ ദിവസം ചേർന്ന കൂർക്കര ബ്രാഞ്ച് കമ്മറ്റി യോഗത്തിൽ നിന്ന് അംഗങ്ങൾ വിട്ടുനിന്നു. 17 രംഗ കമ്മിറ്റിയിൽ 12 അംഗങ്ങളും യോഗത്തിൽ എത്താത്തതോടെ യോഗം ചേരാൻ ആകാതെ മുടങ്ങി. വിഷയത്തിൽ കോൺഗ്രസും പയ്യന്നൂരിൽ സത്യാഗ്രഹ സമരം നടത്തി

































