Home News Kerala എലത്തൂര്‍ കൊലപാതകം; പ്രതിയായ വൈശാഖന്‍ യുവതിയുടെ മരണശേഷവും മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു

എലത്തൂര്‍ കൊലപാതകം; പ്രതിയായ വൈശാഖന്‍ യുവതിയുടെ മരണശേഷവും മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു

Advertisement

കോഴിക്കോട്: എലത്തൂര്‍ മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ വൈശാഖന്‍ യുവതിയുടെ മരണശേഷവും മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് ലൈംഗിക വൈകൃതങ്ങള്‍ ഉള്ളതായും അന്വേഷണസംഘം സൂചിപ്പിക്കുന്നു.
മറ്റൊരു പെണ്‍കുട്ടിയെയും ഇയാള്‍ വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചിരുന്നുവെന്ന് സൂചന. ഇക്കാര്യം കൊല്ലപ്പെട്ട യുവതി അറിഞ്ഞു. ഇതേച്ചൊല്ലിയും ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും വഴക്കും ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം നടത്തുന്നതിനു മുമ്പ് പ്രതി യുവതിയെ അതിക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

കൈകൊണ്ട് മുഖത്തും ശരീരത്തിലും മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. ഇതിനുശേഷമാണ് യുവതിക്ക് ജ്യൂസില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് വൈശാഖന്റെ മൊഴി. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിര്‍ബന്ധിച്ചതോടെയാണ്, ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഇയാള്‍ വര്‍ക്ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.

ജ്യൂസില്‍ ഉറക്കുഗുളിക കലര്‍ത്തി നല്‍കി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മരിച്ചെന്ന് ഉറപ്പാക്കിയശേഷം ഭാര്യയെ വിളിച്ചു വരുത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് യുവതിയുടെ മൃതദേഹം കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ വൈശാഖന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Advertisement