കോഴിക്കോട്: എലത്തൂരില്‍ ഒന്നിച്ചു ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.
പ്രതി വൈശാഖന്‍ പൊലീസ് കസ്റ്റഡിയിലാണ്. വൈശാഖനെ പൊലീസ് ഇന്ന് സംഭവം നടന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കും. അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി വൈശാഖനെ വിട്ടിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വൈശാഖന്‍ തന്റെ ഉടമസ്ഥതയിലുള്ള വ്യവസായസ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തി യുവതിയെ കൊലപ്പെടുത്തിയത്.
യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വൈശാഖന്‍ മൊഴി നല്‍കിയത്.
കൊലപാതകത്തിന് മുമ്പ് യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഇരുവരും സ്റ്റൂളില്‍ കയറി കുരുക്കിട്ടി. ഇതിനിടെ വൈശാഖന്‍ യുവതിയുടെ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആത്മഹത്യ എന്ന് ആദ്യം കരുതിയെങ്കിലും, സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ പ്രധാന വഴിത്തിരിവായത്.




























