തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയില്‍ ഭൂരിപക്ഷ അഭിപ്രായം. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇളവു നല്‍കുന്നതില്‍ ഉള്‍പ്പെടെ ദേശീയ നേതൃത്വമാണ് അന്തിമതീരുമാനം എടുക്കുക. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം അനുകൂല സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരമാവധി തര്‍ക്കരഹിതമായ സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും നടത്തുന്നതിനു മുന്‍ഗണന നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ആരും സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.
പതിവുരീതിയില്‍ നിന്ന് ഇക്കുറി സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് നേതാക്കള്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ഥിത്വം പാര്‍ട്ടി തന്നെ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പേരുകള്‍ തെരഞ്ഞടുപ്പ് സമിതി അംഗങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പേര് സമര്‍പ്പിച്ചാല്‍ അത് പാനലാക്കി തുടര്‍ചര്‍ച്ചകളിലേക്ക് പോകാമെന്നും നേതാക്കള്‍ പറഞ്ഞു. സിറ്റിങ് സീറ്റുകളിലും സംവരണ മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്ത് എത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് യോഗം കര്‍ശന നിര്‍ദേശം നല്‍കി.




























