Home News Breaking News ‘എൻഎസ്എസ് ആസ്ഥാനത്ത് ആരും പോയിട്ടില്ല, സാമുദായിക ഐക്യ നീക്കം പൊളിഞ്ഞതിൽ കോൺഗ്രസിന് പങ്കില്ല’, തരൂർ സിപിഎമ്മിലേക്ക്...

‘എൻഎസ്എസ് ആസ്ഥാനത്ത് ആരും പോയിട്ടില്ല, സാമുദായിക ഐക്യ നീക്കം പൊളിഞ്ഞതിൽ കോൺഗ്രസിന് പങ്കില്ല’, തരൂർ സിപിഎമ്മിലേക്ക് പോകില്ലെന്നും അടൂർ പ്രകാശ്

Advertisement

പത്തനംതിട്ട: സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം പി. എൻ എസ് എസ് – എസ് എൻ ഡി പി ഐക്യനീക്കത്തിൽ നിന്ന് എൻ എസ് എസ് പിന്മാറിയ വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. വിഷയത്തിൽ എൻ എസ് എസ് ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ചകൾ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ വാർത്തകൾ ചുരുക്കി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ പങ്കുവച്ച് ആശങ്കയും എൻ എസ് എസിന്‍റെ പിന്മാറ്റത്തിന് കാരണമായെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്. എല്ലാവരുമായും സംയമനത്തോടെയും യോജിപ്പിലും പോകാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂർ സി പി എമ്മിലേക്ക് പോകുന്നു എന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു. തരൂ‍ർ എ ഐ സി സി വർക്കിംഗ് പ്രസിഡന്റായി പാർട്ടിയിൽ സജീവമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തരൂ‍ർ സി പിഎമ്മിലേക്ക് പോകില്ലെന്നും കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണക്കൊള്ള

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന സി പി എം ആവശ്യം അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണെന്ന് അടൂർ പ്രകാശ് കുറ്റപ്പെടുത്തി. ആരെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. സ്വർണ്ണക്കൊള്ള വിഷയം ജനങ്ങളിലെത്തിക്കുന്നതിൽ യു ഡി എഫ് വിജയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യരംഗം തകർന്നു

സംസ്ഥാനത്തെ ആരോഗ്യരംഗം പൂർണ്ണമായും തകർന്നെന്ന് പരിഹസിച്ച അടൂർ പ്രകാശ് കോന്നി മെഡിക്കൽ കോളേജിന്റെ അവസ്ഥ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കോന്നിയിൽ വെച്ച് ജില്ലാ കളക്ടർക്ക് അപകടം സംഭവിച്ചപ്പോൾ തൊട്ടടുത്തുള്ള മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ്. എന്തുകൊണ്ടാണ് കളക്ടറെ മെഡിക്കൽ കോളേജിൽ എത്തിക്കാത്തതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here