ശബരിമല സ്വർണമോഷണക്കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷിക്കും. തട്ടിപ്പിലൂടെ തന്ത്രി സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും തന്ത്രിയെ ചോദ്യം ചെയ്യും.
ശബരിമലയിലെ സ്വർണമോഷണക്കേസിൽ തന്ത്രിക്ക് നേരിട്ട് പങ്കുള്ളതായി എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്വർണമോഷണത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നെന്ന് തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ കണ്ഠര് രാജീവര് സമ്മതിച്ചു. ദ്വാരപാലക ശിൽപപാളി കേസിലും കട്ടിളപ്പാളി കേസിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ട് എന്നതിന് തെളിവും മൊഴിയും എസ്‌ഐടിക്ക് നേരത്തെ ലഭിച്ചിരുന്നു.
പഴയ കൊടിമരത്തിലെ വാജിവാഹനം കടത്തിയ കേസിലും കണ്‌ഠര് രാജീവർക്കെതിരെ നിർണായക തെളിവുകളുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി തന്ത്രിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യംചെയ്യാനും ശ്രമിക്കുന്നുണ്ട്.



























