തിരുനായത്തോട് ശിവനാരായണക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാലടി ചൊവ്വര സുരഭി പിഷാരത്തിൽ സേതുമാധവന്റെയും സുഭദ്രയുടെയും മകൻ സൂരജ് പിഷാരടി (34)യാണ് മരിച്ചത്. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂരജ് വ്യാഴം രാവിലെയാണ് മരിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ബുധനാഴ്ച സൂരജിന് ശസ്ത്രക്രിയ നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ക്ഷേത്രോത്സവങ്ങളുടെ വീഡിയോ ചെയ്യുന്ന യുട്യൂബറാണ് സൂരജ്.
ബുധൻ പകൽ 11.45 ഓടെയാണ് തിരുനായത്തോട് ശിവനാരായണക്ഷേത്രത്തിൽ ആനയിടഞ്ഞത്. രാവിലെ അഞ്ച് ആന പങ്കെടുത്ത ശീവേലി ഉണ്ടായിരുന്നു. പഞ്ചാരിമേളം നടക്കുന്നതിനിടെയാണ് ചിറയ്ക്കൽ ശബരിനാഥ് എന്ന ആന ഇടഞ്ഞോടിയത്. മുൻഭാഗത്ത് മേളക്കാരുടെ അരികിൽനിന്ന് മൊബൈൽ കാമറയിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു സൂരജ്. ഇതിനിടെ ആന സൂരജിനെ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു.
ക്ഷേത്രവളപ്പിനകത്തായിരുന്നു പഞ്ചാരിമേളം. ചിറക്കൽ ശബരിനാഥ് വിരണ്ടതോടെ, ഭയന്ന് മറ്റൊരു ആനകൂടി ഓടി. ആനകൾ പെട്ടെന്ന് മുന്നോട്ടുകുതിച്ചതോടെ, കൂടിനിന്നവർ ചിതറിയോടി. ഓടുന്നതിനിടെ വീണും കൂട്ടിയിടിച്ചും 19 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേർ നിലവിൽ ആശുപത്രിയിലാണ്. ബാക്കിയുള്ളവർ ആശുപത്രി വിട്ടു. ഓടിയ രണ്ടാനകളെയും ഉടൻതന്നെ തളച്ചു. ആന ഇടഞ്ഞ സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സൂരജിന്റെ സഹോദരൻ: സുജിത്.



























