പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഇന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരും. സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച ശ്രീകോവിലിന്റെ പഴയ വാതിൽ പാളികൾ ഇന്നലെ പുറത്തെടുത്ത് പരിശോധിച്ചിരുന്നു. അതിൽനിന്ന് ഇന്ന് സാമ്പിളുകൾ ശേഖരിച്ച് വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കും. വാതിലിന്റെ അളവടക്കം രേഖപ്പെടുത്തിക്കൊണ്ടുള്ള പരിശോധനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയിരുന്നത്.
പഴയ ഉരുപ്പടികളുടെ തൂക്കം എടുത്ത എസ്‌ഐടി, പുതിയ സ്വർണക്കൊടിമരത്തിന്റെ ചുറ്റളവും പരിശോധിച്ചിരുന്നു. അഷ്ടദിക്പാലകരുടെ രൂപങ്ങൾ പെയിന്റടിച്ച നിലയിൽ പാക്കറ്റുകളിലാണ് എസ്‌ഐടി കണ്ടെത്തിയത്. 2017ൽ കൊടിമരം മാറ്റി സ്ഥാപിച്ചതിലും വാജിവാഹനം തന്ത്രിക്ക് കൈമാറിയതിലും അഷ്ടദിക്പാലക പുനഃപ്രതിഷ്ഠയിലുമടക്കം വിശദമായ അന്വേഷണം നടത്താനാണ് എസ്ഐടി നീക്കം. തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിലാണ് 13 അംഗ എസ്‌ഐടി സംഘം പരിശോധന തുടരുന്നത്.



























