തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല. അതിൽ ഇനി ചർച്ച ചെയ്യേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് അടിത്തറ വിപുലമാകും. അതിനെക്കുറിച്ച് എപ്പോഴും പറയേണ്ട കാര്യമില്ല. അതിൽ വിവിധ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും സോഷ്യൽ ഗ്രൂപ്പുകളും ഉണ്ടാകും.
സ്വർണ കൊള്ളയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ശ്രദ്ധ മാറ്റാൻ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. സ്വർണക്കൊള്ള മറയ്ക്കാൻ മറ്റു കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഏത് കാലത്തെ കാര്യങ്ങൾ അന്വേഷിച്ചാലും തങ്ങൾക്ക് പ്രശ്നം ഇല്ല. ജയിലിൽ ആയ സിപിഎം നേതാക്കൾക്കെതിരെ ഇതുവരെയും നടപടി സിപിഎം സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ സർക്കാരും സിപിഎമ്മും മറുപടി പറയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.





































