തിരുവല്ല.ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്ക് ജാമ്യമില്ല. മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിൽ കഴിയുന്ന മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി അംഗീകരിച്ചു. മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുൽ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി.
വെള്ളിയാഴ്‌ച അടച്ചിട്ട കോടതിയിലാണ് മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് കേസിൽ വാദം കേട്ടത്. മൂന്നുദിവസത്തെ എസ്‌ഐടി കസ്‌റ്റഡി കാലയളവിൽ രാഹുലിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നടക്കം നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇത് കോടതിയെ അന്വേഷകസംഘം ധരിപ്പിച്ചിരുന്നു. നിരന്തരം രാഹുലിനെതിരെ പീഡനപരാതികൾ ഉയരുന്നുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം മുഖവിലയ്ക്കെടുത്ത കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.


































