പുൽപ്പള്ളി. ആസിഡ് ആക്രമണത്തില്‍ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. പുൽപ്പള്ളി മരകാവ് പ്രിയദര്‍ശനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പ്രതിയായ അയല്‍വാസിയായ വേട്ടറമ്മല്‍ രാജു ജോസി(53)നെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സമയത്താണ് അയല്‍വാസിയായ പ്രതി വീട്ടിലെത്തി ആസിഡ് ഒഴിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റായ പെണ്‍കുട്ടിയോട് ഇയാള്‍ യൂണിഫോം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോധത്താലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്തുകൊണ്ടുവന്ന് പെണ്‍കുട്ടിയുടെ മുഖത്തൊഴിച്ചത്. സാരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ കാഴ്ചയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.







































