കൊല്ലം. നഗരം മുതൽ കുമളി വരെ കേരള–തമിഴ്നാട് അതിർത്തി കടന്നുപോകുന്ന കൊല്ലം–തേനി ദേശീയപാത (NH-183) വികസനത്തിൽ നിർണായകമായ മുന്നേറ്റം കൈവരിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് ലോക് സഭയില്‍ മറുപടി ലഭിച്ചു. ദേശീയപാതയുടെ തുടക്കം കൊല്ലം കടവൂരിലെ ദേശീയപാത 66-ൽ നിന്നായിരിക്കും, കൊല്ലം–തേനി ദേശീയപാതയുടെ ആദ്യഘട്ട വികസനത്തിനുള്ള അലൈൻമെന്റ് അന്തിമമായി അംഗീകരിച്ചു.
കേന്ദ്ര ഹൈവേ – റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ നൽകിയ ഔദ്യോഗിക മറുപടിയിൽ, കേരളത്തിൽ കൊല്ലം മുതൽ കുമളി (കേരള–തമിഴ്നാട് അതിർത്തി) വരെ നീളുന്ന NH-183 ദേശീയപാതയുടെ ആകെ ദൈർഘ്യം ഏകദേശം 215 കിലോമീറ്ററാണ്. ഇതിൽ കൊല്ലം–ചെങ്ങന്നൂർ വിഭാഗത്തിലെ കടവൂർ –അഞ്ഞിലിമൂട് ഭാഗത്തിന്റെ അലൈൻമെന്റ് നേരത്തെ തന്നെ അംഗീകരിച്ചിട്ടുണ്ട്. കടവൂർ –വയ്യങ്കര ഭാഗം 2022 സെപ്റ്റംബർ 6-നും വയ്യങ്കര–അഞ്ഞിലിമൂട് ഭാഗം 2022 ഓഗസ്റ്റ് 4-നും അംഗീകരിക്കപ്പെട്ടതായി മന്ത്രി അറിയിച്ചു. ഇതോടെ ആദ്യഘട്ടത്തിൽ 62.1 കിലോമീറ്റർ ദൈർഘ്യമുള്ള വികസനം ഔദ്യോഗികമായി മുന്നോട്ടുപോകുകയാണ്. എന്നാൽ പുതുക്കിയ അലൈൻമെന്റ് പ്രകാരം വളവുകൾ മാറുമ്പോൾ 58 കിലോമീറ്റർ ആയി പാതയുടെ ദൈർഘ്യം കുറയും.
ആദ്യ ഘട്ടത്തിൽ പേവ് ചെയ്ത ഷോൾഡറുകളോടുകൂടിയ രണ്ട് ലെയിൻ റോഡായി ആസൂത്രണം ചെയ്തിരുന്ന പദ്ധതിയെ, നിലവിലെ ഗതാഗത സമ്മർദ്ദവും ഭാവിയിലെ ആവശ്യകതകളും വിലയിരുത്തി,കൊല്ലം കളക്ടറേറ്റിൽ നടന്ന കൺസൾട്ടേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം 2025 ഫെബ്രുവരി 4-ന് നാല് ലെയിൻ ഹൈവേയായി വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു . ഇതോടെ കൊല്ലം മുതൽ കിഴക്കൻ കേരളത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടും.
കടവൂർ മുതൽ അഞ്ഞിലിമൂട് വരെ ഭാഗത്തിനായുള്ള ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ജനസാന്ദ്ര പ്രദേശങ്ങളിലൂടെയും ഉയർന്ന ഭൂവിലയുള്ള മേഖലകളിലൂടെയും ദേശീയപാത കടന്നുപോകുന്നതിനാൽ, സ്ഥലം ഏറ്റെടുപ്പിന്റെ ഉയർന്ന ചെലവും പാർപ്പിട കെട്ടിടങ്ങൾക്ക് ഉണ്ടാകുന്ന ബാധയും കണക്കിലെടുത്താണ് DPR നിലവിൽ വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം, അഞ്ഞിലിമൂട് മുതൽ കുമളി വരെ കേരള–തമിഴ്നാട് അതിർത്തി വരെയുള്ള ശേഷിക്കുന്ന ഭാഗത്തിന്റെ DPR തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു.
2025 ഡിസംബർ മൂന്നാം പാദത്തിൽ നടന്ന DISHA യോഗത്തിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക രേഖകൾ പ്രകാരം, NH-183 ന്റെ കടവൂർ –അഞ്ഞിലിമൂട് ഭാഗത്തിനായി ഭൂമി ഏറ്റെടുപ്പിന്റെ 3A വിജ്ഞാപനം 2025 മാർച്ച് 19-ന് ഭൂമി രാശി പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചെലവ് കണക്കുകൾ കേന്ദ്ര റോഡ് ഗതാഗത–ഹൈവേ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിന് സമർപ്പിച്ചിട്ടുണ്ടെന്നും, സ്റ്റാൻഡിംഗ് ഫിനാൻസ് കമ്മിറ്റിയുടെ അംഗീകാരത്തിനായി ഫയൽ കൈമാറിയിട്ടുണ്ട്. പദ്ധതി അംഗീകരിക്കപ്പെട്ടാൽ ഏകദേശം 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും പുതുക്കിയ ഡിഎസ്ആർ പ്രകാരം 2200 കോടി ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
സ്ഥലം ഏറ്റെടുപ്പിന് സംസ്ഥാന സർക്കാർ 25 ശതമാനം വിഹിതം നൽകുമോ എന്ന കാര്യത്തിൽ കേന്ദ്ര ഹൈവേ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടി, കൊല്ലം–തേനി ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുപ്പിന് തുക മുടക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് ദേശീയപാതയുടെ സ്ഥലം ഏറ്റെടുപ്പ് അടക്കമുള്ള മുഴുവൻ നിർമാണ ചെലവും കേന്ദ്ര റോഡ് ഗതാഗത–ഹൈവേ മന്ത്രാലയം തന്നെ വഹിക്കുമെന്ന് ഉറപ്പായിരിക്കുന്നത്. നിലവിൽ അംഗീകരിച്ച അലൈൻമെന്റ് പ്രകാരം പാതയുടെ വികസനം എത്രയും വേഗം ആരംഭിക്കണമെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ തീരുമാനം കിഴക്കൻ കേരളത്തിന്റെ ഗതാഗത വികസനത്തിൽ ചരിത്രപരമായ വഴിത്തിരിവാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ വ്യാപാരം, വിനോദസഞ്ചാരം, ചരക്ക് ഗതാഗതം എന്നിവയ്ക്ക് വലിയ ഉത്തേജനം ലഭിക്കും, പൊതുജനങ്ങൾക്ക് നീതിയുക്തമായ നഷ്ടപരിഹാരം ഉറപ്പാക്കി പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ നടപടികളും വേഗത്തിലാക്കണം. പദ്ധതിയുടെ അന്തിമ സാമ്പത്തിക അനുമതിക്കും വേഗത്തിലുള്ള പുരോഗതിക്കുമായി കേന്ദ്ര ഹൈവേ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും ന്യൂഡൽഹിയിൽ നേരിൽ കാണുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.







































