തൃശൂര്‍. 64 മത് സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ അരങ്ങ് ഉണർന്നു. ആയിരങ്ങളെ സാക്ഷിയാക്കി വർണ്ണാഭമായ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമാമാങ്കം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി. ഇലഞ്ഞിത്തറമേളത്തെ അനുസ്മരിക്കും വിധം പാണ്ടിമേളം കൊട്ടിക്കയറിയാണ് കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
ഇലഞ്ഞിത്തറ ചോട്ടിലെ പാണ്ടിമേളം, കലോത്സവ വേദിയിൽ കൊട്ടിക്കയറി. 64 കുട്ടികൾ എണ്ണം പറഞ്ഞ കലോത്സവത്തെ ഓർമിപ്പിച്ച് കുടമാറ്റം നടത്തി. തെക്കൻ മൈതാനിയിൽ ലാസ്യ നാട്യ വിസ്മയത്തിന് ചിലങ്ക കിലുങ്ങി.
ഗാനരചയിതാവ് ബി ഹരിനാരായണൻ പ്രത്യേകം ചിട്ടപ്പെടുത്തിയ കലോത്സവ സ്വാഗത ഗാനം കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ നൃത്ത ആവിഷ്കാരമായി. കലോത്സവത്തിന്റെ ഭംഗി മത്സരബുദ്ധി കെടുത്താതെ നോക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ വരികൾ പരാമർശിച്ചായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ‘
കരോൾ സംഘത്തിന് നേരെയുള്ള അക്രമങ്ങൾ മുഖ്യമന്ത്രിയും, കേന്ദ്രം സംസ്ഥാനത്തിന് പണം നൽകാത്തത് വിദ്യാഭ്യാസ മന്ത്രി വേദിയിൽ ഉയർത്തി.ഇതോടെ ഇരുവർക്കും മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി
മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻ, ചലച്ചിത്ര താരം റിയ ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







































