പാലക്കാട്: പാലക്കാട് ഹോട്ടൽ മുറിയിൽ നിന്ന് ലഭിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഫോണിൽ നിർണായക ചാറ്റുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഫോൺ കയ്യിൽ എടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് സമ്മതിച്ചിരുന്നില്ല. അത് പിന്നീട് റൂമിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇവിടെ വലിയ പൊലീസ് സുരക്ഷയാണ് ഒരുക്കിയത്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നുമാണ് രാഹുലിനെ ഇവിടേക്ക് എത്തിച്ചത്. ക്ലബ് സെവൻ ഹോട്ടലിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിരികെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് എത്തിക്കും. പാലക്കാട് എത്തിച്ച് തെളിവെടുപ്പ് നടത്തുന്ന തീരുമാനം പിന്നീട്. രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാളാണ് രാഹുലിൻ്റെ ജാമ്യാക്ഷേ പരിഗണിക്കുന്നത്.







































