ബിജെപിയുടെ ‘എ ക്ലാസ് മണ്ഡലം’, കെ കരുണാകരന്‍റെ തട്ടകം, താമര വിരിയിക്കാൻ മകൾ പത്മജയെ തൃശൂരിൽ ഇറക്കുമോ? സുരേഷ് ഗോപിയുടെ പിന്തുണ നിർണായകം

Advertisement

തൃശൂർ: എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന തൃശൂരില്‍ ബി ജെ പി പത്മജ വേണുഗോപാലിനെയും പരിഗണിക്കുന്നു. സുരേഷ് ഗോപിയുടെ പിന്തുണയും പരിചിത മണ്ഡലമെന്നതും പത്മജയ്ക്ക് അനുകൂല ഘടകമാണ്. പിന്നില്‍ നിന്ന് കുത്തിയവരുടെയും കാലു വാരിയവരുടെയും പേരെടുത്തു പറഞ്ഞാണ് 2024 മാര്‍ച്ച് ഏഴിന് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് എത്തി പ്രകാശ് ജാവദേക്കറില്‍ നിന്ന് കരുണാകന്‍റെ മകള്‍ പത്മജാ വേണുഗോപാല്‍ അംഗത്വം സ്വീകരിച്ചത്.

ഒസ്യത്ത് പ്രകാരം കെ കരുണാകരന്‍റെ സ്മൃതികുടീരമിരിക്കുന്ന മുരളീ മന്ദിരത്തിന്‍റെ അവകാശിയാണ് പത്മജയെങ്കിലും കരുണാകരനെ ആഘോഷിച്ച തൃശൂരുകാര്‍ പത്മജയ്ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാനൊരവസരം നല്‍കിയിട്ടില്ല. സുരേഷ് ഗോപിയുടെ അപ്രതീക്ഷിത എന്‍ട്രിയിലാണ് കഴിഞ്ഞ തവണ 946 വോട്ടുകള്‍ക്ക് വീണത്. ഇത്തവണ തൃശൂരില്‍ പത്മജയെ പിന്തുണയ്ക്കുന്നതിന് മുന്നിലുള്ളത് സുരേഷ് ഗോപി എന്നതാണ് രാഷ്ട്രീയ കൗതുകം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ട് ഡിവിഷനെ പിടിക്കാനുള്ളൂ എങ്കിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 35 ഡിവിഷനുകളില്‍ സുരേഷ് ഗോപിക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ അഭിപ്രായം മുഖവിലയ്ക്കെടുത്താല്‍ പത്മജയ്ക്ക് തൃശൂരില്‍ നറുക്കുവീഴും. ഡി സി സി അധ്യക്ഷന്‍ ജോസഫ് ടാജറ്റും രാജന്‍ പല്ലനും തമ്മിലാണ് കോണ്‍ഗ്രസില്‍ തൃശൂര്‍ സീറ്റിനായുള്ള മത്സരം. രണ്ടിലാര് മത്സരിച്ചാലും മറ്റെയാള്‍ കാലുവാരാനിടയുണ്ടെന്നും ബി ജെ പി കരുതുന്നു. അങ്ങനെവന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ മുന്‍ കോണ്‍ഗ്രസുകാരിയായ പത്മജയ്ക്ക് സമാഹരിക്കാനായേക്കുമെന്നും ബി ജെ പിയുടെ മനക്കണക്ക്. രണ്ട് തവണ തൃശൂര്‍ തിരസ്കരിച്ച പത്മജ വേണ്ടെന്ന പാര്‍ട്ടി തീരുമാനം വന്നാല്‍ എം ടി രമേശിന് നറുക്കുവീഴും. അതേസമയം രണ്ട് തവണയായി മണ്ഡലം കൈവശം വച്ചിരിക്കുന്ന സി പി ഐ ആരെയിറക്കും എന്നത് കണ്ടറിയണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here