അധ്യാപകന്റെ ഇടപെടൽ :കുട്ടികളുടെ സുരക്ഷയ്ക്കായി ആറരക്കോടിയുടെ പദ്ധതി

Advertisement

.അധ്യാപകന്റെ ഇടപെടലിലൂടെ സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്കായ് ആറരക്കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ബാലാവകാശ പ്രവർത്തകനുമായ ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ എൽ സുഗതനാണ് വിദ്യാഭ്യാസ രംഗത്തും കുട്ടികളുടെ സുരക്ഷയ്ക്കുമായി വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നത്.
പത്തുവർഷങ്ങൾക്ക് മുമ്പ് താൻ ജോലിചെയ്യുന്ന സ്കൂളിന് മുൻവശത്തെ തിരക്കേറിയ കെ പി റോഡിലെ രാവിലെയും വൈകുന്നേരവുമുള്ള അപകടകരമായ അവസ്ഥ കണ്ടു കൊണ്ടാണ് കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ജി സുധാകരന് പരാതി സമർപ്പിക്കുന്നത്.
കൃത്യം രണ്ടു മാസത്തിനുള്ളിൽ മന്ത്രിയുടെ മറുപടിയെത്തി. 8 ലക്ഷം രൂപ ചെലവാക്കി സ്കൂളിൽ മുന്നിൽ സുരക്ഷാ വേലിയും നടപ്പാതയും നിർമ്മിക്കാൻ തീരുമാനിച്ചു എന്ന്. കേവലം രണ്ടു മാസങ്ങൾക്കുള്ളിൽ സ്കൂളിന് മുൻവശം നടപ്പാതയും സുരക്ഷാ വേലിയും നിർമ്മിച്ചു. തുടര്‍ന്ന് തന്റെ സ്വദേശമായ ശാസ്താംകോട്ട ജെ എം എച്ച് എസിന് മുൻവശവും ഇതേ അവസ്ഥ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് സുഗതന്‍ പരാതി അയക്കുകയും അവിടെയും കുട്ടികൾക്കായ് നടപ്പാത യാഥാർഥ്യമാവുകയും ചെയ്തു. പിന്നീട് സംസ്ഥാനത്തെ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ സ്കൂളുകൾക്ക് മുന്നിലും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിനെ സമീപിച്ചു. അതിന്റെ ആദ്യപടിയായി കേരളത്തിൽ ഇത്തരം വിഷയങ്ങൾ അംഗീകരിക്കുന്ന സ്കൂളുകളുടെ വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് കേരളത്തിലെ അൻപതിൽ പരം സ്കൂളുകൾക്ക് മുന്നിൽ ഏകദേശം ആറരകോടി രൂപയുടെ പദ്ധതിയാണ് കഴിഞ്ഞ രണ്ടു വർഷങ്ങൾ കൊണ്ട് നടപ്പാക്കാൻ കഴിഞ്ഞത്.
നിരന്തരം കുട്ടികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഈ അധ്യാപകന്‍ കുട്ടികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിനായി കലാകായിക പീരീയിഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതന്ന ആവശ്യമായി ബാലാവകാശ കമ്മീഷനെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തു. ഈ ഉത്തരവിനെ തുടർന്നാണ് കഴിഞ്ഞ നവംബർ 17ന് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ ഈ നിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിന്റെ തുടർച്ചയായിട്ടാണ് ഈയടുത്ത സമയത്ത് സ്കൂളുകളിൽ കുട്ടികൾക്ക് കളികളിൽ ഏർപ്പെടുന്നതിനായി ആഴ്ചയിൽ രണ്ട് പീരിയഡുകൾ നിർബന്ധമായും മാറ്റിവെക്കണമെന്ന നിർദ്ദേശം ഉണ്ടായത് . സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷം തീണ്ടിയ പച്ചക്കറിക്കെതിരെയും ടൂറിസ്റ്റ് ബസുകളിലെ അമിത ശബ്ദ ശല്യത്തിനെതിരെയും നടത്തിയ ഒറ്റയാൾ പോരാട്ടത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാക്കിയെടുക്കുവാനും ഇദ്ദേഹത്തിന് കഴിഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here