തിരുവനന്തപുരം: പോക്കുവരവ് ചെയ്ത് നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് ഓഫീസറെ കോടതി ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചു. വിളവൂർക്കൽ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറും റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാറുമായ അർഷാദ്.എച്ച്.എയെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും ഒടുക്കണം. 2012-ലാണ് കേസിനാസ്പദമായ സംഭവം. പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ പിതാവ് ധനനിശ്ചയം ചെയ്ത് നൽകിയ 75 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി അർഷാദ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
പരാതിയെത്തുടർന്ന് വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് കെണിയൊരുക്കി ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലൻസ് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച വിജിലൻസ് കോടതി ജഡ്ജി മനോജ് എ ആണ് വിധി പുറപ്പെടുവിച്ചത്.
വിവിധ വകുപ്പുകളിലായി ആകെ ആറ് വർഷം ശിക്ഷ ലഭിച്ചെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. മുമ്പ് വിജിലൻസ് ഡി.വൈ.എസ്.പി ആയിരുന്ന ആർ. സുകേശൻ, എസ്.പി ആർ. ജയശങ്കർ ഐ.പി.എസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
































