രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും

Advertisement

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റിജോ ജോര്‍ജാണ് രാഹുലിനായി പള്ളിയിലും ക്ഷേത്രത്തിലും വഴിപാടുകളും പൂജയും നടത്തിയത്. ഇതിന്റെ രസീതുകള്‍ ഉള്‍പ്പെടെ പുറത്തുവന്നു.
തിങ്കളാഴ്ച രാവിലെ വള്ളംകുളം നന്നൂര്‍ ദേവി ക്ഷേത്രത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, അശ്വതി നക്ഷത്രം എന്ന പേരില്‍ ഭാഗ്യസൂക്ത അര്‍ച്ചനയും ശത്രുസംഹാര പൂജയും നടത്തിയത്. ഇതേ പേരില്‍ തന്നെ പുതുപ്പള്ളി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്കുള്ള കുര്‍ബാനപ്പണവും റിജോ അടച്ചിട്ടുണ്ട്.
സമയ ദോഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം. സമയ ദോഷം മാറുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ പൂജയും വഴിപാടുകളും ചെയ്തതെന്നാണ് റിജോ പറയുന്നത്. വ്യക്തിപരമായ താത്പര്യമാണ് പ്രാര്‍ത്ഥനകള്‍ക്ക് പിന്നിലെന്നും റിജോ വിശദീകരിക്കുന്നു.
മൂന്ന് ബലാത്സംഗക്കേസുകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നാമത്തെ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. നിലവില്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍പ്പിച്ചിട്ടുള്ളത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here