കൊല്ലം: സംവരണ മണ്ഡലമായ കുന്നത്തൂരിൽ ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി ആരാകുമെന്നതിൽ ആശയക്കുഴപ്പം തുടരുന്നു. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോവൂർ കുഞ്ഞുമോൻ അഞ്ചാം ഊഴത്തിന് തയ്യാറെടുക്കുമ്പോഴും, മണ്ഡലം സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം പ്രാദേശിക തലത്തിൽ ശക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം കുറഞ്ഞുവരുന്നത് പരിഗണിച്ച്, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്താനാണ് സി.പി.എം ആലോചിക്കുന്നത്. സി.പി.എം ഏറ്റെടുത്താൽ സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.പിയുമായ കെ.സോമപ്രസാദ് സ്ഥാനാർത്ഥിയായേക്കും. എന്നാൽ ആർ.എസ്.പിയിൽ നിന്നും അടർത്തിമാറ്റിയെടുത്ത കോവൂർ കുഞ്ഞുമോനെ പൂർണമായും തഴയാൻ സി.പി.എം ഒരുക്കവുമല്ല. അതേ സമയം യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആർ.എസ്.പിയുടെ ഉല്ലാസ് കോവൂർ വീണ്ടും കളത്തിലിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ തവണ കുഞ്ഞുമോനെ വിറപ്പിച്ച ഉല്ലാസ്, മണ്ഡലത്തിലെ വികസന മുരടിപ്പും ഭരണവിരുദ്ധ വികാരവും ആയുധമാക്കിയാണ് വോട്ടുതേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2790 വോട്ടിന് പരാജയപ്പെട്ടെങ്കിലും ഉല്ലാസ് കോവൂർ മണ്ഡലത്തിൽ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു. ആർ.എസ്.പികൾ തമ്മിലുള്ള ‘കോവൂർ’ പോരാട്ടമാണെങ്കിൽ കുന്നത്തൂർ സംസ്ഥാനത്തെ ശ്രദ്ധേയമായ മണ്ഡലമായി മാറും. സി.പി.എം കടുംപിടുത്തം തുടർന്നാൽ കുഞ്ഞുമോന്റെ രാഷ്ട്രീയ ഭാവി നിർണായകമാകും. കുന്നത്തൂർ താലൂക്കിലെ പോരുവഴി, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, കുന്നത്തൂർ, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മൺറോത്തുരുത്ത്, കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ് കുന്നത്തൂർ നിയമസഭ മണ്ഡലം.

































