തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിലായ വിഷയത്തിൽ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് പൊലീസിന് ലഭിച്ചു. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതിനായി ബന്ധപ്പെട്ട ചാറ്റാണ് പുറത്തുവന്നിട്ടുള്ളത്. 3 ബിഎച്ച്കെ ഫ്ലാറ്റ് വാങ്ങണമെന്ന് രാഹുൽ പറയുമ്പോൾ 2 ബിഎച്ച്കെ പോരേയെന്ന് പരാതിക്കാരി ചോദിക്കുന്നത് ചാറ്റിൽ കാണാം. പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസൽ പങ്ക് വച്ചാണ് സംസാരം. ഫ്ലാറ്റ് വാങ്ങാൻ 1.14 കോടി ചെലവഴിക്കണം എന്ന് രാഹുൽ പറഞ്ഞെന്ന് പരാതിക്കാരി മൊഴി നൽകി.
അതേ സമയം, രാഹുൽ കേസിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹോട്ടൽ റിസപ്ഷനിൽ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചു. ഇന്ന് വൈകിട്ടോടെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ജയിലിലടച്ചിരുന്നു. മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്.
അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാൻഡിലായതെങ്കിലും രാഹുലിന് കുലുക്കമില്ല. ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തി. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്‍റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ വെല്ലുവിളി നടത്തി. ഇന്നലെ അർധ രാത്രി പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എ ആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. രാഹുൽ നൽകിയ ജാമ്യ ഹർജി തള്ളിയായിരുന്നു റിമാൻഡ്. നാളെ വീണ്ടും ജാമ്യഹർജി നൽകാനാണ് നീക്കം.







































