ശബരമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം; അമിത്ഷാ

Advertisement

തിരുവനന്തപുരം: ശബരമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരള സന്ദര്‍ശനത്തിനിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയില്ല. ശബരിമലയിലെ സ്വര്‍ണ്ണ മോഷണം കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഭക്തരുടെയും ആശങ്കയാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എഫ്‌ഐആര്‍ കണ്ടിരുന്നു. അത് തയ്യാറാക്കിയ രീതി പ്രതികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണെന്നും അമിത് ഷാ ആരോപിച്ചു.
ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന എല്‍ഡിഎഫുമായി ബന്ധപ്പെട്ട രണ്ട് പേര്‍ സംശയത്തിന്റെ നിഴലിലാണ്. അത്തരം സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം എങ്ങനെ സാധ്യമാകും എന്ന ചോദ്യവും അമിത് ഷാ ഉയര്‍ത്തി. വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനും ഒഴിഞ്ഞുമാറാന്‍ ആകില്ല. കോണ്‍ഗ്രസ് നേതാക്കളെ തട്ടിപ്പുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒരു നിഷ്പക്ഷ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് തയ്യാറാകണം. വിഷയത്തില്‍ ബിജെപി പ്രതിഷേധം ശക്തമാക്കും, വീടു കയറി പ്രചാരണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തൂതീര്‍പ്പ് രാഷ്ട്രീയമാണെന്നും അമിത് ഷാ ആരോപിച്ചു. ‘ലോകമെമ്പാടും കമ്മ്യൂണിസം അവസാനിച്ചപ്പോള്‍, ഇന്ത്യയിലുടനീളം കോണ്‍ഗ്രസ് അവസാനിച്ചു’ എന്നും അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കീഴില്‍ മാത്രമേ കേരളത്തിന്റെ വികസനം സാധ്യമാകൂ. നമ്മുടെ ലക്ഷ്യം ഈ വിജയമല്ല, കേരളത്തിന്റെ വികാസനം കൂടിയാണ്, അതിന് ബിജെപിയുടെ മുഖ്യമന്ത്രി വരണം. അതിലേക്ക് അധികം ദൂരമില്ല. ഇന്ന് സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ബിജെപിയുടെ മേയര്‍ വന്നിരിക്കുന്നു. നാളെ മുഖ്യമന്ത്രിയെയാണ് കാണാന്‍ പോകുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here