ശബരിമല സ്വർണ്ണക്കൊള്ളയിൽ റിമാൻഡിൽ. കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരുടെ
സാമ്പത്തിക വിവരങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചു എസ്.ഐ.റ്റി.
ഇന്നലെ തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിൽ
മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയിരുന്നു.ദേഹാസ്വാസ്ഥ്യത്തെ
തുടർന്നു തന്ത്രിതിരുവനന്തപുരം മെഡിക്കൽ കോളേജിലെ MICU വിൽ തുടരുകയാണ്.
എട്ടു മണിക്കൂർ നീണ്ട പരിശോധനയാണ് ഇന്നലെ തന്ത്രിയുടെ വീട്ടിൽ നടന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സാമ്പത്തിക ഇടപാടുകൾ എന്നിവ സാധൂകരിക്കുന്ന തെളിവു ശേഖരണമായിരുന്നു എസ്.ഐ.ടി വീട്ടിലെ പരിശോധനയിലൂടെ ലക്ഷ്യം വച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രി കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞിരുന്നു. തന്ത്രി കണ്ഠര് രാജീവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. വസ്തു ഇടപാടുകളുടെ വിവരങ്ങളും തേടി. വീട്ടിലെ സ്വർണ ഉരുപ്പടികളിലും എസ്ഐടി വിശദമായ പരിശോധന നടത്തിയിരുന്നു.
തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി വിലയിരുത്തൽ.ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യ നില തൃപ്തികരമാണെന്ന് അറിയിച്ചാൽ ഉടനെ തന്ത്രിയെ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും.ശേഷം നാളെ കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.







































