ഹരികുമാര്‍ കുന്നത്തൂര്‍
ശാസ്താംകോട്ട:ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ഫ്ലെക്സുകൾ ഇനി പാരിസ്ഥിതിക വെല്ലുവിളിയാകില്ല.ഫ്ലെക്സ് ഉൾപ്പെടെയുള്ള സൈൻ പ്രിന്റിങ് മാലിന്യങ്ങൾ ശാസ്ത്രീയമായി പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്തെ ആദ്യ റീസൈക്ലിംഗ് പ്ലാൻ്റ് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ഉയരുന്നു.സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ്റെ (എസ്പിഐഎ) നേതൃത്വത്തിൽ 4 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുമ്പോൾ, സൈൻ പ്രിന്റിങ് യൂണിറ്റുകൾ സജീവമായ കൊല്ലം ജില്ലയ്ക്കും പ്ലാന്റ് വലിയ ഗുണകരമാകും.ജില്ലയിലെ ഉത്സവപ്പറമ്പുകളിലും രാഷ്ട്രീയ പ്രചാരണങ്ങൾക്കും ശേഷം കുന്നുകൂടുന്ന ടൺ കണക്കിന് ഫ്ലെക്സ് മാലിന്യങ്ങൾ ഇനി ശാസ്ത്രീയമായി നീക്കം ചെയ്യപ്പെടും.

അഷ്ടമുടി കായൽ ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ഈ നീക്കം സഹായിക്കും.കിലോയ്ക്ക് 20 രൂപ നിരക്കിൽ മാലിന്യം ശേഖരിക്കുന്നത് കൊല്ലത്തെ ചെറുകിട യൂണിറ്റുകൾക്കും ആശ്വാസമാകും.മാലിന്യത്തിൽ നിന്ന് വരുമാനം ‘എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം’ എന്ന ആശയത്തിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നത്.ഉപയോഗം കഴിഞ്ഞ ഫ്ലെക്സുകളും അനുബന്ധ മാലിന്യങ്ങളും കിലോയ്ക്ക് 20 രൂപ നിരക്കിൽ അസോസിയേഷൻ നേരിട്ട് ശേഖരിക്കും.ഇവ പ്ലാന്റിലെത്തിച്ച് തരംതിരിച്ച ശേഷം ഗ്രാന്യൂളുകളാക്കി മാറ്റും.പിന്നീട് 45 രൂപയോളം വിപണി മൂല്യമുള്ള പെല്ലറ്റുകളായി ഇവ രൂപാന്തരപ്പെടും.ചെരുപ്പിൻ്റെ സോൾ,പൂച്ചെട്ടികൾ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ നിർമ്മാണത്തിനായാണ് ഇവ പ്രധാനമായും ഉപയോഗിക്കുക.കൊല്ലത്തെ തദ്ദേശ സ്ഥാപനങ്ങൾക്കും ക്ലബ്ബുകൾക്കും തങ്ങളുടെ പരിധിയിലുള്ള ഫ്ലെക്സ് മാലിന്യം കൃത്യമായി കൈമാറാൻ ഇതോടെ സംവിധാനമാകും.
വ്യവസായത്തിന് പുതുജീവൻ
സംസ്ഥാനത്ത് 2,500 കോടി രൂപയുടെ വിറ്റുവരവുള്ള സൈൻ പ്രിന്റിങ് മേഖലയിൽ ഒന്നര ലക്ഷത്തോളം പേരാണ് തൊഴിലെടുക്കുന്നത്.ഫ്ലെക്സ് നിരോധനവും പരിസ്ഥിതി പ്രശ്നങ്ങളും മൂലം തകർച്ച നേരിടുന്ന ഈ വ്യവസായത്തിന് പുതിയ റീസൈക്ലിംഗ് പ്ലാൻ്റ് വലിയൊരു ആശ്വാസമാകും. സീറോ വേസ്റ്റ് പദ്ധതിയിലൂടെ ഈ രംഗത്തെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സഞ്ജയ് പണിക്കർ പറഞ്ഞു.




































