തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം എൽഡിഎഫിന് കൈവരിക്കാൻ കഴിഞ്ഞില്ലെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. അതിന്റെ കാരണങ്ങൾ സൂക്ഷ്മതലത്തിൽ പരിശോധിക്കുമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അടിത്തറ ഭദ്രമാണെന്നും വിജയിക്കുമെന്നും ടി പി പറഞ്ഞു. കേന്ദ്രസർക്കാരിനെതിരായ പ്രചരണത്തിന്റെ ഭാഗമായി മേഖല അടിസ്ഥാനത്തിൽ ജാഥ നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി എൽഡിഎഫ് പരിശോധിക്കും. എല്ലാ കാരണങ്ങളും സൂക്ഷ്മതലത്തിൽ പരിശോധിച്ചു ജനങ്ങളുടെ പ്രതികരണം വിലയിരുത്തുമെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ പറഞ്ഞു. നേതാക്കന്മാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ജനങ്ങളുടെ അഭിപ്രായം മാനിച്ച് തിരുത്തും. തിരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ട സൂചനകൾ നൽകുന്നുണ്ടെന്ന് പറഞ്ഞ എൽഡിഎഫ് കൺവീനർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്ന് ആവർത്തിച്ചു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പരാജയപ്പെടുത്താൻ യുഡിഎഫ് പലകാര്യങ്ങളും പയറ്റി. യുഡിഎഫ് തോറ്റാൽ സംഘപരിവാറിന് ഗുണമാകുമെന്ന പ്രചരണം ഉണ്ടായി. വിഴിഞ്ഞം പുനരധിവാസം, ജെബി കോശി, ശബരിമല വിഷയം എന്നിവ വസ്തുതാ വിരുദ്ധമായി പ്രചരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന എൽഡിഎഫ് കേന്ദ്ര വിരുദ്ധ പ്രചരണം ശക്തമായി നടത്തും. മേഖല തിരിച്ച് നേതാക്കന്മാരുടെ നേതൃത്വത്തിൽ ജാഥ നടത്തും. ഈ മാസം പന്ത്രണ്ടാം തീയതി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും
നേതൃത്വത്തിൽ എംഎൽഎമാർ അടക്കം പങ്കെടുക്കുന്ന സത്യഗ്രഹ സമരം നടത്തും.
വർഗീയവൽക്കരണം ലേബർ കോഡ് തൊഴിലാളി വിരുദ്ധ സമീപനം ഇത്തരം വിഷയങ്ങളെ മുൻനിർത്തിയാണ് കേന്ദ്രസർക്കാരിനെതിരായഎൽഡിഎഫിന്റെ പ്രചരണം നടക്കുക.





































