തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരുമായി ഉറ്റ ബന്ധമുണ്ടെന്ന് എസ്ഐടി കണ്ടെത്തി. പോറ്റിക്ക് ശബരിമലയില്‍ സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രി കണ്ഠരര് രാജീവരാണ്. ശബരിമലയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിന് പിന്നില്‍ തന്ത്രി കണ്ഠരര് രാജീവരുമായുള്ള അടുപ്പമാണെന്നും ശബരിമല ജീവനക്കാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
തന്ത്രിയുടെ അറിവോടെയാണ് സ്വര്‍ണ്ണപ്പാളികള്‍ അടക്കം പുറത്തേക്ക് പോയിട്ടുള്ളതെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൃത്യമായ മൊഴികളും തെളിവുകളും ശേഖരിച്ചശേഷമാണ് കണ്ഠരര് രാജീവരുടെ അറസ്റ്റിലേക്ക് കടന്നതെന്നാണ് സൂചന. പുലര്‍ച്ചെ എസ്ഐടിക്ക് മുന്നില്‍ ഹാജരായ തന്ത്രി കണ്ഠരര് രാജീവരെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. എസ്ഐടി മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് ചോദ്യം ചെയ്യലിനായി എത്തിയിരുന്നു.
സഹായിയായ നാരായണന്‍ നമ്പൂതിരിക്കൊപ്പമാണ് തന്ത്രി കണ്ഠരര് രാജീവര് എസ്ഐടിക്ക് മുന്നിലെത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവരുമായി അടുത്തബന്ധമുണ്ടായിരുന്നതായി മുന്‍ ദേവസ്വം പ്രസിഡന്റും കേസിലെ മറ്റൊരു പ്രതിയുമായ എ പത്മകുമാര്‍ മൊഴിനല്‍കിയിരുന്നു. താന്‍ പരിചയപ്പെടുന്നതിന് മുന്‍പുതന്നെ പോറ്റി ശബരിമലയിലുണ്ടായിരുന്നു. തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പത്മകുമാര്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ശബരിമലയില്‍ ഒട്ടേറെ വഴിപാടുകള്‍ നടത്തുന്ന ഭക്തന്‍ എന്ന നിലയിലും പൂജാരിയുടെ സഹായി എന്ന നിലയിലും ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ടെന്നാണ് കണ്ഠരര് രാജീവര് എസ്‌ഐടിയോട് പറഞ്ഞിരുന്നത്. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോയത് ദേവസ്വംബോര്‍ഡിന്റെ തീരുമാനപ്രകാരമാണ്. സ്വര്‍ണപ്പാളികള്‍ പുതുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദേവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് ചെയ്തത് എന്നുമാണ് തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും മൊഴി നല്‍കിയത്.
തന്ത്രി കണ്ഠരര് രാജീവരില്‍നിന്നാണ് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോകാന്‍ അഭിപ്രായം എഴുതി വാങ്ങിയത്. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്നാണ് കുറിപ്പില്‍ തന്ത്രി പരാമര്‍ശിച്ചിരുന്നുവെന്ന് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദൈവതുല്യരായ പലരും ഉള്‍പ്പെട്ടതായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞിരുന്നു.
Advertisement































