കണ്ണൂര്‍. സിപിഎം പ്രാദേശിക നേതാവ് കെ ലതേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഏഴ് ബിജെപി – ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്. തലശ്ശേരി നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2008ൽ നടന്ന രാഷ്ട്രീയ കൊലപാതകത്തിൽ നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്.
2008 ഡിസംബർ 31ന് തലശ്ശേരി ചക്യത്ത് മുക്കിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ വീട്ടിനകത്ത് വെച്ചാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ലതേഷിന്റെ സുഹൃത്ത് മോഹൻലാലിനെ വധിക്കാൻ ശ്രമിച്ച കേസിലും ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.തലായി സ്വദേശികളായ സുമിത്ത്, പ്രജീഷ് ബാബു, നിതിൻ, സനൽ, സ്മിജേഷ്, സജീഷ്, ജയേഷ് എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ അഞ്ച് വകുപ്പുകളിലായി 35 വർഷം തടവുശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. വിചാരണ വേളയിൽ പ്രധാന സാക്ഷികൾ ഉൾപ്പെടെ കൂറുമാറിയത് കേസിനെ ബാധിക്കുമെന്ന് കരുതിയെങ്കിലും പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകൾ പ്രതികൾക്ക് തിരിച്ചടിയായി. 12 പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ മരണപ്പെടുകയും നാലുപേരെ കോടതി വെറുതെ വിടുകയും ചെയ്തു.




































