കോഴിക്കോട്.നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി ക്വാറി ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ക്വാറികളിൽ നിന്ന് നിയമവിരുദ്ധമായി പിഴ ഈടാക്കി ഇതര സംസ്ഥാന ലോബികളെ സർക്കാർ സഹായിക്കുന്നു എന്ന് ആരോപിച്ചാണ് ഈ മാസം 26 മുതൽ ക്വാറികളും ക്രഷറുകളും പ്രവർത്തനം നിർത്തിവയ്ക്കുന്നത്.
സംസ്ഥാനത്ത് ക്വാറി ഉൽപ്പന്നങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്നതിനിടെയാണ് ക്വാറികളും ക്രഷറുകളും അടച്ചിടാൻ ഉടമകൾ തീരുമാനിച്ചത്. ലൈസൻസ് പുതുക്കി കിട്ടുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കാരണമെന്ന് ഉടമകൾ പറയുന്നു. ഒരു വർഷം മുൻപ് സംസ്ഥാനത്ത് 700ൽ അധികം ക്വാറികൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് നൂറിൽ താഴെ ക്വാറികൾ മാത്രം. ഉൽപ്പന്നങ്ങളുടെ ക്ഷാമം കാരണം വില കുത്തനെ ഉയരുകയാണ്. ഒരു ക്യൂബിക് എം സാന്റിന് 45ൽ നിന്ന് 65 രൂപയായി ഉയർന്നു. മെറ്റലിനും കല്ലിനും വില വർധിച്ചിട്ടുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അന്യായമായി പിഴ ഈടാക്കുകയാണെന്ന് ക്വാറി ഉടമകൾ ആരോപിക്കുന്നു.
സമരം ശക്തമായാൽ ദേശീയപാത നിർമ്മാണ പ്രവർത്തികൾ ഉൾപ്പെടെ തടസ്സപ്പെടും. വീട്,മറ്റു കെട്ടിട നിർമ്മാണങ്ങൾ എന്നിവയെയും പ്രതികൂലമായി ബാധിക്കും.































