16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ്, ഒ ജെ ജനീഷും അബിൻ വർക്കിയും ഉൾപ്പെടെയുള്ളവരുടെ പേരുകൾ ലിസ്റ്റില്‍

Advertisement

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനം. ഒ ജെ ജനീഷ്, ബിനു ചുള്ളിയിൽ, അബിൻ വർക്കി, കെ എം അഭിജിത്, ജിൻഷാദ് ജിന്നാസ്, ജോമോൻ ജോസ്, ജയഘോഷ് എന്നിവരെ യഥാക്രമം കൊടുങ്ങല്ലൂർ, ചെങ്ങന്നൂർ, ആറൻമുള, നാദാപുരം / കൊയിലാണ്ടി, അരൂർ, തൃക്കരിപ്പൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ മത്സരിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ധാരണയായിരിക്കുന്നത്.

അതിനിടയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും. രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ എഐസിസി നിരീക്ഷകരും ഉടന്‍ കേരളത്തിലെത്തും. കനഗോലുവിന്‍റെ റിപ്പോര്‍ട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡമാക്കും.

വേഗത്തിലൊരുങ്ങാൻ കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പിന് വേഗത്തിലൊരുങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ആദ്യ പടിയായി മധുസൂദന്‍ മിസ്ത്രി ചെയര്‍മാനായ നാലംഗ സ്ക്രീനിങ് കമ്മിറ്റി നടപടികള്‍ തുടങ്ങുകയാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി തിരുവനന്തപുരത്ത് മിസ്ത്രി നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് ആലോചന.

ഫെബ്രുവരി പകുതിയോടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കും. യുവത്വവും അനുഭവസമ്പത്തുമായിരിക്കും മാനദണ്ഡങ്ങളെന്ന് എഐസിസി വ്യക്തമാക്കി കഴിഞ്ഞു. സ്ക്രീനിങ് കമ്മിറ്റിക്ക് മൂന്ന് സിറ്റിങ്ങെങ്കിലും നടത്തേണ്ടി വരും. കമ്മിറ്റിയിലുള്ളത് ദേശീയ നേതാക്കളായതിനാല്‍ ഡൽഹി ഇടപെടല്‍ കാര്യമായി പ്രതീക്ഷിക്കാം. മുമ്പ് കേരളത്തിന്‍റെ ചുമതലയുണ്ടായിരുന്ന നേതാവായതിനാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ മധുസൂദന്‍ മിസ്ത്രിക്ക് നന്നായറിയാം. നിരീക്ഷകരായ സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണ്ണാടക ഊര്‍ജ്ജമന്ത്രി കെ ജെ ജോര്‍ജ് തുടങ്ങിയവരും രണ്ടാഴ്ചക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് വിവരം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here