തിരുവനന്തപുരത്തെ       എം എൽ എ, കൗൺസിലർ തർക്കം തീരുന്നു, കോർപറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വി കെ പ്രശാന്ത്

Advertisement

തിരുവനന്തപുരം: ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ തയ്യാറായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. അടുത്തിടെ വാർഡ് കൗൺസിലർ ആർ ശ്രീലേഖയുമായി ഓഫീസിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് പ്രശാന്ത് പുതിയ തീരുമാനത്തിലെത്തിയത്. എംഎൽഎ ഓഫീസ് മരുതുംകുഴിയിലേക്ക് മാറ്റാനാണ് തീരുമാനം.

ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പ്രശാന്ത് നിരസിക്കുകയും എംഎൽഎയോടാണോ ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുന്നതെന്നും അന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെ ശ്രീലേഖ മാദ്ധ്യമങ്ങൾക്കുമുന്നിൽ വിശദീകരണങ്ങളുമായെത്തിയിരുന്നു. എന്നാൽ ഓഫീസ് പ്രശ്നം രാഷ്ട്രീയ തർക്കമായി മാറുകയായിരുന്നു.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎയടക്കം ശ്രീലേഖയെ രൂക്ഷമായി വിമർശിച്ചിരുന്നു.ഇതിനിടയിലാണ് ഇനി തർക്കത്തിനും ചർച്ചയ്ക്കും ഇല്ലെന്നും ഓഫീസ് മാറാൻ തീരുമാനിച്ചെന്നും പ്രശാന്ത് മാദ്ധ്യമങ്ങളോട് വിശദീകരിച്ചത്. ദിനംപ്രതി നൂറുകണക്കിന് ആളുകൾ വരുന്ന ഇടമാണ് എംഎൽഎ ഓഫീസെന്നും അതിനുപറ്റിയ സ്ഥലത്തേക്കാണ് മാറുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ‘വിവാദങ്ങൾക്ക് ഇനി സ്ഥാനമില്ല. വികസനത്തിനുവേണ്ടിയാണ് ജനം ഞങ്ങളെ തിരഞ്ഞെടുത്തത്.

ഓഫീസിൽ ജനം വരുന്നത് രാഷ്ട്രീയത്തിനല്ല. ഈ വിവാദങ്ങളെ വച്ചുകൊണ്ട് എനിക്കെതിരെ വ്യക്തിപരമായി അപവാദം പ്രചരിപ്പിക്കാൻ ശ്രമമുണ്ടായി. പുതിയ ഓഫീസിലേക്ക് മാറുന്ന തീയതി തീരുമാനിച്ചിട്ടില്ല’- പ്രശാന്ത് പറഞ്ഞു.അതേസമയം,ഓഫീസ് മാറ്റം വിവാദമായപ്പോൾ കൗൺസിലറുടെ തിട്ടൂരം അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു എംഎൽഎ പറഞ്ഞത്. എന്നാൽ താൻ ഓഫീസ് മാറാൻ അഭ്യർത്ഥിച്ചത് സൗഹൃദത്തിന്റെ പേരിലാണെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്. അടുത്തിടെ ഓഫീസിൽ എംഎൽഎയുടെ ബോർഡിനുമുകളിൽ ശ്രീലേഖയുടെ പേരെഴുതിയ ബോർഡ് സ്ഥാപിച്ചതും ചർച്ചയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here