വലിയ വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ്; മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും, ലക്ഷ്യം ജയം; പി വി അൻവറിനും സീറ്റ് നൽകിയേക്കും

Advertisement

സുൽത്താൻ ബത്തേരി: വയനാട് ക്യാമ്പ് നൽകിയ ആവേശത്തിന് പിന്നാലെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ യുഡിഎഫ്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും. ലീഗിന്‍റെ അധിക സീറ്റ് ആവശ്യം തർക്കം ഇല്ലാതെ പരിഹരിക്കാനാണ് കോൺഗ്രസ്‌ നീക്കം. പി വി അൻവറിന് സീറ്റ് നൽകുന്നത് ഉൾപ്പെടെ പരിഗണനയിലുണ്ട്.

100 സീറ്റ് എന്ന ലക്ഷ്യമാണ് വയനാട് ക്യാമ്പിന് ശേഷം നേതാക്കളെല്ലാം പറയുന്നത്. ഈയാഴ്ച തന്നെ സീറ്റ് സംബന്ധിച്ചുള്ള ചർച്ചകൾ ഘടകകക്ഷികളുമായി നടത്തും. പുതിയ ഘടകകക്ഷികൾക്ക് അടക്കം സീറ്റ് നൽകേണ്ടി വരുന്നതിനാല്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും. അതിൽ പി വി അൻവര്‍ തന്നെയാണ് ഏറ്റവും പ്രധാനമായി കേൾക്കുന്ന പേര്.

അൻവറിന് സീറ്റ് ഉണ്ടാകും എന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവർ മത്സരിക്കുകയാണെങ്കിൽ അത് വലിയൊരു രാഷ്ട്രീയ നീക്കം ആകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. 25 സീറ്റുകളിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്. 23ൽ നിന്നാണ് കഴിഞ്ഞ തവണ ഇത് 25 ആയി ഉയര്‍ന്നത്. അധിക സീറ്റ് എന്ന് ആവശ്യത്തിൽ ലീഗ് ഉറച്ചുനിന്നാൽ അത് പ്രശ്നങ്ങൾ ഒന്നും കൂടെ അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. സീറ്റ് വച്ചുമാറി ഇരുപാര്‍ട്ടികൾക്കും ഗുണകരമാകുന്ന നിലയിലേക്ക് മാറുന്നതും പരിഗണിക്കുന്നുണ്ട്.

കെ സി വേണുഗോപാൽ പറഞ്ഞത്

കൂടുതൽ ജാഗ്രതയോടും കരുതലോടും കൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കർമ്മപരിപാടികളാണ് ദ്വിദിന ലീഡർഷിപ്പ് സമ്മിറ്റ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് കെ സി വേണുഗോപാൽ ഇന്നലെ പറഞ്ഞു. വരും ദിവസങ്ങളിൽ വ്യക്തമായ ക്യാമ്പയിനുകളും പ്രചാരണ പരിപാടികളും സമരങ്ങളും ഇതിന്‍റെ ഭാഗമായി ഉണ്ടാകും. സ്ഥാനാർത്ഥി നിർണയത്തിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ മധുസൂദൻ മിസ്ത്രി ചെയർപേഴ്സണായ സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻ തന്നെ കേരളം സന്ദർശിക്കും. കേരളത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യും.

ജനുവരി അവസാനത്തോടുകൂടി ആദ്യഘട്ട സ്ഥാനാർത്ഥികളെയെങ്കിലും പ്രഖ്യാപിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. സാധാരണ രീതിയിൽ നിന്ന് വിപരീതമായി സ്ഥാനാർത്ഥികളെ ഇത്തവണ നേരത്തെ തന്നെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകും. നിലവിലെ എംപിമാർ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച കാര്യങ്ങൾ തെരഞ്ഞെടുപ്പ് സമിതികളിലും സ്ക്രീനിംഗ് കമ്മിറ്റികളിലുമാണ് ചർച്ച ചെയ്യേണ്ടത്. തെരഞ്ഞെടുപ്പ് സർവ്വേകൾക്കും മറ്റുമായി സുനിൽ കനുഗോലുവിന്‍റെ സേവനങ്ങൾ പാർട്ടി പ്രയോജനപ്പെടുത്തുന്നുണ്ട്.

അദ്ദേഹം നിലവിൽ എഐസിസി അംഗവും പാർട്ടിയുടെ ഭാഗവുമാണ്. ഭരണപക്ഷത്തുള്ളവർക്ക് വലിയ സാമ്പത്തിക സ്രോതസുകളും പി ആർ സംവിധാനങ്ങളുമുണ്ടാകാം. എന്നാൽ വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാതെ, പാവപ്പെട്ട ജനങ്ങളുടെ സഹായത്തോടുകൂടിയാണ് കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരു തോണിയിലെ തുഴച്ചിൽക്കാർ ഒരേ താളത്തിൽ തുഴഞ്ഞാൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്താൻ സാധിക്കൂ. പാർട്ടിയിലെ ഐക്യവും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും അത്തരത്തിൽ ഒത്തുചേർന്ന് പോകേണ്ടതുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here