ന്യൂഡൽഹി: എന്‍എസ്എസ് നേതൃത്വത്തിനെതിരായ വിമർശനം മയപ്പെടുത്തി പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എൻഎസ്എസിനെപ്പറ്റി താൻ പറഞ്ഞത് വിവാദമാക്കേണ്ടതില്ലെന്ന് ആനന്ദബോസ് പറഞ്ഞു. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് പറഞ്ഞു.
മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് എന്‍എസ്എസ് നേതൃത്വം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ആനന്ദബോസ് കഴിഞ്ഞ ദിവസം എൻഎസ്എസിനെതിരെ രംഗത്ത് വന്നത്. മന്നം സ്മാരകം എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റില്‍ നില്‍ക്കുന്നയാളെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നുമായിരുന്നു ആനന്ദ ബോസ് തുറന്നടിച്ചത്,
അതേസമയം എൻഎസ്എസിനെതിരായ വിമർശനത്തിൽ നിന്നും ആനന്ദബോസ് പിന്മാറിയതിന് പിന്നിൽ ബിജെപി സമ്മർദ്ദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ എൻഎസ്എസിനെ പിണക്കി പ്രതിരോധമുണ്ടാക്കരുതെന്ന് ബിജെപി നേതൃത്വം ആനന്ദബോസിന് സന്ദേശം നൽകി. ഇതിന് പിന്നാലെയാണ് ഗവർണർ എൻഎസ്എസ് നേതൃത്വത്തിനെതിരായ വിമർശനം മയപ്പെടുത്തിയത്. അതേസമയം ആനന്ദബോസിന്‍റെ പിന്നിൽ സമുദായ വിരുദ്ധരാണെന്നാണ് എൻഎസ്എസിനോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. ഡൽഹിയിൽ നടന്ന നടന്ന മന്നം അനുസ്മരണപരിപാടിയിൽ സംസാരിക്കവേയാണ് സി.വി. ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചത്.
പശ്ചിമബംഗാളിന്റെ ഗവർണറാക്കാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ഒരു ദിവസം വിളിച്ചു പറഞ്ഞു. ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നത്താചാര്യന്റെ മുൻപിൽ പുഷ്പാർച്ചന നടത്തണമെന്ന് ആഗ്രഹിച്ചു. ഇക്കാര്യം എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയെ അറിയിച്ചു. ജനറൽ സെക്രട്ടറി കാറിന്റെ ഡോർ തുറന്ന് സ്വീകരിച്ചു. ചായ സത്കാരം നൽകി, സംസാരിച്ചു. കാറിൽ കയറ്റി തിരികെ അയയ്ക്കുകയും ചെയ്തു. പുഷ്പാർച്ചന നടത്തുന്ന കാര്യം മാത്രം പറഞ്ഞില്ലെന്നും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നത് നായർ സമുദായാഗംങ്ങളുടെ അവകാശമല്ലേയെന്നുമായിരുന്നു ആനന്ദ് ബോസ് പറഞ്ഞത്. എന്നാൽ ആനന്ദ ബോസിന്‍റെ ആരോപണങ്ങള്‍ എന്‍എസ്എസ് നേതൃത്വം തള്ളി. അതേസമയം അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിശദീകരിച്ചു.






































