തിരുവനന്തപുരം. തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് നിയമപരമായും രാഷ്ട്രീയമായും തിരിച്ചടി.
ആൻ്റണി രാജുവിന് മൂന്ന് വർഷം തടവും,പിഴയും നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി
ശിക്ഷ വിധിച്ചു.ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ കെ.എസ് ജോസിനും സമാന ശിക്ഷയാണ് കോടതി വിധിച്ചത്.ശിക്ഷ വിധിച്ചതോടെ ആന്റണി രാജുവിനെ എം.എൽ.എ സ്ഥാനം നഷ്ടമായി.
ആന്റണി രാജുവിനെ അയോഗ്യനാക്കി നിയമസഭാ സെക്രട്ടറിയേറ്റ് ഉടൻ വിജ്ഞാപനമിറക്കും.
ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിലാണ് തിരുവനന്തപുരം എം.എൽ.എ യും മുൻ മന്ത്രിയുമായിരുന്ന ആൻ്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ
വിധിച്ചത്.ഗൂഢാലോചനയ്ക്ക് 6 മാസം തടവ്.തെളിവ് നശിപ്പിക്കലിന് 3 വർഷം തടവും 10,000 രൂപ പിഴയും. കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് 3 വർഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു.ഒന്നാം പ്രതി കെ.എസ് ജോസിനും ഇതേ ശിക്ഷ വിധിച്ചു
ശിക്ഷ വിധിക്ക് പിന്നാലെ അപ്പീൽ ആവശ്യം ചൂണ്ടിക്കാട്ടി പ്രതികൾ കോടതിയിൽ ജാമ്യഅപേക്ഷ നൽകിയിരുന്നു.പിന്നാലെ രണ്ടു ആൾജാമ്യത്തിൽ രണ്ടു പ്രതികൾക്കും.നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.തടവ് അനുഭവിക്കേണ്ടെങ്കിലും ശിക്ഷാ വിധി ആന്റണി രാജുവിന്
രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.1951 ലെ ജനപ്രാധിനിത്യ നിയമപ്രകാരം ആന്റണി രാജു എം.എൽ.എ
സ്ഥാനത്തു നിന്നും അയോഗ്യനായി.കോടതി ഉത്തരവ് ലഭിച്ചാൽ നിയമസഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി
വിജ്ഞാപനം പുറത്തിറക്കും.തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല.ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് അയോഗ്യത.1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി
എത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയതായിരുന്നു കേസിന് ആസ്പദമായ സംഭവം.സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വെച്ചുവെന്നായിരുന്നു കേസ്.






































