ആന്റണി രാജു എംഎൽഎ പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ വിധി ഇന്ന്..

Advertisement


തിരുവനന്തപുരം. മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തി  എന്ന കേസിലാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയുന്നത്.



കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും യഥാക്രമം ഒന്നും രണ്ടും പ്രതികളായ കേസിൽ മൂന്നര പതിറ്റാണ്ടിനു ശേഷമാണ് വിധി വരുന്നത്. നിലവിൽ ആന്റണി രാജു എംഎൽഎയാണ്. കേസിന്റെ വിചാരണ കഴിഞ്ഞമാസം 16ന് പൂർത്തിയായി. 29 സാക്ഷികളിൽ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു…
1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവർഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരുമറികൾ നടന്നത്.
വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ഹൈക്കോടതിയിൽ എത്തിയപ്പോൾ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ചേരുന്നതായിരുന്നില്ല. തൊണ്ടിമുതലിൽ കൃത്രിമം വരുത്തിയതോടെ
പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കി. പിന്നാലെ മറ്റൊരു കേസിൽ വിദേശത്തു ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയ ഇയാൾ സഹ തടവുകാരോട് സത്യാവസ്ഥ വെളിപ്പെടുത്തി.. സഹ തടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ലാണ് കേസെടുത്തത്. ഇന്റർ പോൾ സിബിഐയെ അറിയിക്കുകയും സിബിഐ കേരള പോലീസിന് വിവരം കൈമാറുകയും ആയിരുന്നു.. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും
കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരുമുറി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. 2014 ലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീംകോടതിയേ വരെ സമീപിച്ചു. എന്നാൽ കേസിൽ വിചാരണ നടക്കട്ടെ എന്ന് കോടതി നിർദ്ദേശിച്ചു. തുടർന്നാണ് വഞ്ചിയൂർ കോടതിയിൽ നിന്ന് കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റിയാണ് വിചാരണ പൂർത്തിയാക്കിയത്. വിചാരണയ്ക്കിടെ വീണ്ടും 10 വർഷം വരെ തടവ് ലഭിക്കാവുന്ന ചില വകുപ്പുകൾ കൂടി കൂട്ടിച്ചേർത്തു. ഈ വകുപ്പുകളിലും വാദം  കേട്ടശേഷമാണ് ഇന്ന് കോടതി വിധി പറയുന്നത്.. കേസിൽ ആന്റണി കുറ്റക്കാരനാണോ എന്ന് കോടതി ഇന്ന് പ്രഖ്യാപിക്കും..

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here