തിരുവനന്തപുരം: വടക്കാഞ്ചേരി കോഴ വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ല. ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല. വന്ന വാർത്ത സംബന്ധിച്ച് പരിശോധിക്കും. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഒന്നും മറച്ചുവെക്കാനില്ല. കുതിരക്കച്ചവടം ഉണ്ടായിട്ടില്ല. മറ്റത്തൂരിൽ സംഭവിച്ചു. അങ്ങനെയൊരു നിലപാടല്ല സിപിഐഎമ്മിനെന്ന് എംവി ഗോവിന്ദൻ പറഞ്ഞു
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ അംഗീകരിക്കാൻ കഴിയുന്നത് അംഗീകരിക്കും അല്ലാത്തവ തള്ളിക്കളയുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സ്‌കൂൾ സംബന്ധിച്ച വിഷയം സർക്കാരും എസ്എൻഡിപിയും തമ്മിൽ കൈകാര്യം ചെയ്യും പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്കെത്തുമ്പോൾ എസ്ഐടിയെ വിശ്വാസമില്ലായെന്ന് പറയുന്നു. കേസിൽ സിബിഐ അന്വേഷണം വേണമോയെന്ന് ഹൈക്കോടതി പറയട്ടെയെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.







































