തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തു വിട്ടു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇതു പ്രകാരം ഇതു വരെയുണ്ടായിരുന്ന ഇളവുകൾ എല്ലാം സർക്കാർ റദ്ദാക്കിയിട്ടുണ്ട്. പുതിയ മാർഗനിർദേശം അനുസരിച്ച് സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ യോഗ്യതകൾ ഉള്ളവരെല്ലാം കെ-ടെറ്റ് യോഗ്യത കൂടി നേടിയെങ്കിൽ മാത്രമേ അധ്യാപക തസ്തികകളിലേക്ക് അർഹരാകൂ.
ഇതു വരെയും ഉന്നത യോഗ്യതകൾ ഉള്ളവരെ സർക്കാർ കെ-ടെറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകുന്നതിനും ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് നിയമനമാറ്റം ലഭിക്കുന്നതിനോ കെ-ടെറ്റ് കാറ്റഗറി III നിർബന്ധമായും പാസാകണം.
എൽപി , യുപി അധ്യാപകരാകാൻ കെ -ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്നിൽ വിജയിക്കണം. ഹൈസ്കൂൾ അധ്യാപകരാകാൻ കാറ്റഗറി III യോഗ്യത നേടിയിരിക്കണം.
അതേ സമയം കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (സിടെറ്റ്) വിജയിച്ചവർക്ക് ഇളവുണ്ടായിരിക്കും. സിടെറ്റ് പ്രൈമറി വിജയിച്ചവരെ എൽപി സ്കൂളുകളിലേക്കും എലമെന്‍ററി സ്റ്റേജ് യോഗ്യത നേടിയവരെ യുപിയിലേക്കും പരിഗണിക്കും.

































