കണ്ണൂർ. പരസ്പരം ഘോര ഘോരം അധിക്ഷേപം ചൊരിയുന്ന രണ്ടു കക്ഷികളുടെ മുഖപത്രങ്ങൾ സംഗമിച്ചത് പത്ര ചരിത്രത്തിലെ ചിരിപ്പേജ് ആയി. കേരളത്തെ ഒന്നടങ്കംചിരിപ്പിക്കുകയും അതേസമയം ഗൗരവകരമായ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്ത ഒരു സംഭവമാണ് കണ്ണൂരിൽ ഇന്ന് ഉണ്ടായത്. ബിജെപി മുഖപത്രമായ ജന്മഭൂമി തുറന്ന വായനക്കാർ കണ്ടത് മുസ്ലിം ലീഗ് നേതാക്കളുടെ ലേഖനങ്ങളും ചന്ദ്രികയുടെ എഡിറ്റോറിയലും. പ്രിന്റിംഗ് പ്രെസ്സിൽ സംഭവിച്ച ഒരു സാങ്കേതിക പിഴവ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ ചർച്ചയായിരിക്കുകയാണ്.
കണ്ണൂരിലെ ജന്മഭൂമി വായനക്കാർ ഇന്ന് രാവിലെ പത്രം കണ്ട് ഒന്ന് അമ്പരന്നു. പേജ് ഒന്ന് തൊട്ട് ബാക്കി പേജുകളെല്ലാം പതിവ് പോലെ തന്നെ. എന്നാൽ എഡിറ്റോറിയൽ പേജിലേക്ക് എത്തിയപ്പോഴാണ് കഥ മാറിയത്. ജന്മഭൂമിയുടെ താളിൽ അച്ചടിച്ചു വന്നിരിക്കുന്നത് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ്.
പാർട്ടിയുടെ നിലപാടുകൾ പറയേണ്ട പേജിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള സ്മരണകളും ഡോ. എം.കെ മുനീറിന്റെ ലേഖനവുമാണ് നിരന്നത്.
കണ്ണൂരിലെ എസ്ആർഎസ് എന്ന സ്ഥാപനത്തിലാണ് ജന്മഭൂമി ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങളുടെ പ്രിന്റിംഗ് പ്ലേറ്റുകൾ തയ്യാറാക്കുന്നത്. ജന്മഭൂമിയെ കൂടാതെ സുപ്രഭാതം, മാധ്യമം തുടങ്ങിയ പത്രങ്ങളും ഇവിടെ നിന്നാണ് പ്ലേറ്റ് എടുക്കുന്നത്. ഒരേ സമയം ഒന്നിലധികം പത്രങ്ങളുടെ പ്ലേറ്റുകൾ തയ്യാറാക്കുന്നതിനിടെ ചന്ദ്രികയുടെ പേജ് ജന്മഭൂമിയുടെ പ്ലേറ്റിലേക്ക് മാറിപ്പോയതാണ് ഈ അബദ്ധത്തിന് കാരണമായത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പരിഹാസങ്ങളും വിമർശനങ്ങളും കടുത്തു. ബിജെപി കേന്ദ്രങ്ങളിൽ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പത്രത്തിന്റെ ഗൗരവത്തെ ബാധിക്കുന്ന ഇത്തരം വീഴ്ചകളിൽ മാനേജ്‌മെന്റ് കർശന നിലപാടിലാണ്. അച്ചടിശാലയോട് ജന്മഭൂമി മാനേജ്‌മെന്റ് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്.
രാഷ്ട്രീയ വൈരം മൂലം മുഖാമുഖം നോക്കാത്ത രണ്ട് കക്ഷികളുടെ പത്രങ്ങൾ ഒരേ താളിൽ സംഗമിച്ചത് എന്തായാലും കേരളത്തിലെ പത്രചരിത്രത്തിലെ അപൂർവ്വമായ ഒരു അധ്യായമായി മാറി കഴിഞ്ഞു.
Home News Breaking News ഇനിയിങ്ങനെ പരസ്പരം തെറി പറയല്ലേ , കണ്ണൂരിൽ രണ്ട് കക്ഷികളുടെ മുഖപത്രത്തിന് ഒറ്റ ചിരിപ്പേജ്


































