തിരുവനന്തപുരം. സ്മാർട്ട് സിറ്റി ഇ ബസ് കരാർ വ്യവസ്ഥകൾ KSRTC പാലിക്കുന്നില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ കണ്ടെത്തൽ. കോർപ്പറേഷൻ നിശ്ചയിക്കുന്ന റൂട്ടിൽ സർവീസ് നടത്തണമെന്ന നിബന്ധന പാലിക്കുന്നില്ല. ടിക്കറ്റ് വരുമാനത്തിന്റെ 30% കോർപ്പറേഷന് നൽകണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ലെന്നും കോർപ്പറേഷൻ. സ്വന്തം നിലയ്ക്ക് നടത്താൻ കഴിയുമെങ്കിൽ ബസ്സുകൾ 24 മണിക്കൂറിനുള്ളിൽ കോർപ്പറേഷന് തിരികെ നൽകാമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ മറുപടി. 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ KSRTC ഇറക്കുമെന്നും വെല്ലുവിളി.
സ്മാർട്ട് സിറ്റി ഇ ബസുകളെ ചൊല്ലി കൊമ്പ് കോർത്ത് കോർപ്പറേഷനും സർക്കാരും. കെഎസ്ആർടിസി, കോർപ്പറേഷൻ, സ്മാർട്ട് സിറ്റി എന്നിവരുമായി ചേർന്ന് തയ്യാറാക്കിയ കരാർ പരിശോധിച്ച മേയർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. കോർപ്പറേഷൻ നിശ്ചയിക്കുന്ന റൂട്ടിൽ സർവീസ് നടത്തണമെന്ന നിബന്ധന പാലിക്കുന്നില്ല.ടിക്കറ്റ് വരുമാനത്തിന്റെ 30% കോർപ്പറേഷന് നൽകണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല.കരാർ വ്യവസ്ഥ ലംഘിക്കുന്നു എന്ന് ആരോപിച്ച് ഇലക്ട്രിക് ബസുകൾ നിലവിൽ സർവീസ് നടത്തുന്ന റൂട്ട് കണ്ടുപിടിക്കാൻ സ്മാർട്ട് സിറ്റിക്ക് കോർപ്പറേഷൻ നിർദ്ദേശം നൽകി.
ജിപിഎസ് സംവിധാനം ഉപയോഗിച്ച് കഴിഞ്ഞ ഒരു മാസം ബസുകൾ സർവീസ് നടത്തിയ റൂട്ട് കണ്ടുപിടിക്കാനാണ് നിർദേശം.
വിവരങ്ങൾ ശേഖരിച്ചതിനു ശേഷം കെഎസ്ആർടിസിയെ സമീപിക്കാനാണ് കോർപ്പറേഷൻ തീരുമാനം. കോർപ്പറേഷന് അതേ നാണയത്തിൽ മറുപടിയുമായി ഗതാഗത മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി. 113 ബസുകൾ കോർപ്പറേഷന്റെത് മാത്രമല്ല. കേന്ദ്രവും സംസ്ഥാനവും 500 കോടി വീതം നൽകിയിട്ടുണ്ട്. വണ്ടികളുടെ നവീകരണവും
ഡ്രൈവറും കണ്ടക്ടർമടക്കം എല്ലാം നൽകുന്നത് കെഎസ്ആർടിസി ആണ്.
ബസുകൾ വേണമെന്ന് മേയർ എഴുതിത്തന്നാൽ 24 മണിക്കൂറിനുള്ളിൽ 113 ബസുകളും കോർപ്പറേഷന് വിട്ടു നൽകും..
മേയർ പഠിച്ചിട്ട് പറയണം. ഇ ബസുകൾ കൊണ്ടാണ് KSRTC ജീവിക്കുന്നതെന്ന് ആരും പറയരുത്.തിരുവനന്തപുരത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ KSRTC ഇറക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കടുപ്പിച്ചു.






































