തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എ.എ. റഹീം എംപി. ബെംഗളൂരു യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംഭവിച്ച ഭാഷാ പരിമിതിയില്‍ വിശദീകരണവുമായാണ് രാജ്യസഭാംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത്. മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ എന്നും ഭരണകൂട ഭീകരതയുടെ നേര്‍ക്കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നതെന്നു റഹീം പറഞ്ഞു.
തന്നെ ട്രോളുന്നവരോട് വെറുപ്പില്ലെന്നും, ഭാഷ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തനിക്ക് ഭാഷാപരിമിതകളുണ്ടെന്നും എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നും റഹീം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യെലഹങ്കയിലെ ഫക്കീര്‍ കോളനിയില്‍ വീട് ഇടിച്ചുനിരത്തപ്പെട്ടവരെ റഹീമിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം സന്ദര്‍ശിച്ചത്. ഇതിനിടെയായിരുന്നു വ്യാപകമായ ട്രോളുകള്‍ക്ക് കാരണമായ അഭിമുഖം.
എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചുനോക്കുമ്പോള്‍, നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും കാണാതെ പോകരുതെന്നും റഹീം പറയുന്നു. എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും റഹീം വ്യക്തമാക്കുന്നു. പ്രചരിക്കുന്ന ദൃശ്യത്തിന്റെ ബാക്കിഭാഗങ്ങളടങ്ങുന്ന വീഡിയോയും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ബെംഗളൂരുവില്‍ കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ പരാമര്‍ശിച്ചാണ് റഹീം ഫേയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്.
ബെംഗളൂരൂവിലെ ഫക്കീര്‍ കോളനിയിലും വസിം ലേ ഔട്ടിലും ഇരുനൂറിലേറെ വീടുകള്‍ ഇടിച്ചുനിരത്തിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരേ എ.എ. റഹീം പ്രതിഷേധിക്കുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇവിടെവെച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടുള്ള റഹീമിന്റെ പ്രതികരണമാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ട്രോളിന് വിധേയമാക്കിയത്.
































